
കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച കേസിലെ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും. കല്ലടയുടെ വൈറ്റിലയിലെ ഓഫീസിൽ എത്തിച്ചാകും തെളിവെടുപ്പ്. കേസിൽ റിമാൻഡിലായ ഏഴ് പ്രതികളെ ഇന്നലെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ആക്രമണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാൽ തെളിവെടുപ്പും ചോദ്യം ചെയ്യലും വേഗം പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.
നേരത്തേ സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ഹാജരായിരുന്നു. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് ഹാജരാകാൻ ആവില്ലെന്ന് ആദ്യം സുരേഷ് കല്ലട ഒഴിവുകഴിവ് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് നടപടി ഭയന്ന് ഹാജരായി.
ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചിരുന്നത്. അപ്പോൾ, ചികിത്സാ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് നോട്ടീസ് നൽകിയിരുന്നത്.
മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ പൊലീസ് കോടതിയെ സമീപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam