കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി, സ്ഥാനാർത്ഥിത്വം മരവിപ്പിച്ചതായി മുല്ലപ്പള്ളി

By Web TeamFirst Published Dec 3, 2020, 12:36 PM IST
Highlights

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ജയകുമാറിന്റെ സ്ഥാനാർത്ഥിത്വം കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ മരവിപ്പിച്ചു. ജയകുമാർ പിന്മാറുമെന്നും ആർഎംപി സ്ഥാനാർത്ഥി സി സുഗതനെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. 

കോഴിക്കോട്: കോൺഗ്രസിന് തലവേദനയായി മാറിയ കല്ലാമലയിലെ തർക്കം ഒടുവിൽ ഒത്തുതീർന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ജയകുമാറിന്റെ സ്ഥാനാർത്ഥിത്വം കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ മരവിപ്പിച്ചു. ജയകുമാർ പിന്മാറുമെന്നും ആർഎംപി സ്ഥാനാർത്ഥി സി സുഗതനെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

ഒരാഴ്ചയിലേറെ നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് കല്ലാമല തര്‍ക്കം ഒത്തുതീര്‍പ്പാകുന്നത്. കോൺഗ്രസും ആർഎംപിയും ചേർന്നു രൂപീകരിച്ച ജനകീയ മുന്നണിയുടെ അടിത്തറയിളക്കുന്ന പ്രശ്നങ്ങളായിരുന്നു കല്ലാമലയിൽ ഉണ്ടായത്. 

സിപിഎമ്മിനെതിരെ ആര്‍എംപിയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച ജനകീയ മുന്നണിയുടെ ധാരണ അട്ടിമറിച്ച് മുല്ലപ്പളളിയുടെ പിന്തുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായായ ജയകുമാറിനോട് പിന്‍മാറാന്‍ ഒടുവില്‍ മുല്ലപ്പളളി തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. 

മുല്ലപ്പളളിയുടെ വീട് ഉള്‍പ്പെടുന്ന കല്ലാമല ഡിവിഷന്‍ ആര്‍എംപിക്കായിരുന്നു അനുവദിച്ചതെങ്കിലും ഇവിടെ മുല്ലപ്പളളിയുടെ പിന്തുണയില്‍ കെപി ജയകുമാര്‍ സ്ഥാനാര്‍ത്ഥിയായതോടെയായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച് കെ. മുരളീധരന്‍ വടകരയിലെ പ്രചരണ പരിപാടികളില്‍ നിന്ന് പിന്‍മാറി.  പിന്നാലെ യുഡിഎഫിലെ മറ്റ് നേതാക്കളും വടകരയിലെ പ്രചാരണത്തില്‍ നിന്ന് അകലം പാലിച്ചു.

ലീഗിന് നിര്‍ണായക സ്വാധീനമുളള ഈ മേഖലയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിക്കായിരിക്കും പിന്തുണയെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തു. ആര്‍എംപിയുമായി നേര്‍ക്കുനേര്‍ പോരിലേക്ക് പോയാല്‍ പ്രകടനം ദയനീയമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് ജയകുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം മരവിപ്പിക്കാനുളള തീരുമാനം. പത്രിക പിന്‍വലിക്കാനുളള സമയം കഴിഞ്ഞതിനാല്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ആര്‍എംപിയിലെ സി സുഗതനാണെന്ന് അറിയിച്ചുളള പോസ്റ്റര്‍ പ്രചാരണം ഇന്നു മുതല്‍ തുടങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

click me!