
തിരുവനന്തപുരം: സി.ദിവാകരന്‍റെയും കെഇ ഇസ്മായിലിന്‍റെയും പരസ്യ പ്രസ്താവന അച്ചടക്ക ലംഘനമെന്ന് കാനം രാജേന്ദ്രൻ. ഇക്കാര്യത്തിലെ തുടര്‍ നടപടി പുതിയ സംസ്ഥാന കൗണ്‍സിൽ പരിശോധിക്കും. പാര്‍ട്ടി സമ്മേളനങ്ങളിൽ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ മാധ്യമ സ്വാധീനം മൂലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാര്‍ട്ടി നയങ്ങളിലെ പരസ്യപ്രതികരണങ്ങൾ അച്ചടക്ക ലംഘനം തന്നെയെന്നാണ് കാനം രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. പുതിയ കൗൺസിൽ ഇക്കാര്യം പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നു. സർക്കാറിനെതിരായ വിമർശനങ്ങൾ സമ്മേളനത്തിൽ ഉണ്ടായെന്നും ഇത് മാധ്യമങ്ങളുടെ സ്വാധീനം കൊണ്ടാെണെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിമത നീക്കങ്ങളെ മറികടന്ന് മൂന്നാം മൂഴത്തിൽ സെക്രട്ടറിയായ കാനം സമ്മേളന കാലത്ത് മുതിർന്ന നേതാക്കൾ ഉയർത്തിയ കലാപക്കൊടിയെ ഗൗരവമായിട്ടാണ് കാണുന്നത്. സിപിഐയിൽ വിഭാഗീയത ഇല്ല. എന്നാൽ ആഭ്യന്തര ജനാധിപത്യം എല്ലായിപ്പോഴുമുണ്ട്. പാര്‍ട്ടി വേദിയിൽ പറയേണ്ട കാര്യങ്ങൾ പുറത്ത് പറയാൻ പാടില്ല. സി ദിവാകരനും കെഇ ഇസ്മായിലിനുമെതിരായ നടപടിയെക്കുറിച്ച് സൂചന നൽകി കാനം പറഞ്ഞു.
തന്നെ ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയെന്ന് വിശേഷിപ്പിച്ചത് മാധ്യമങ്ങളാണ്. പിണറായിയുടെ വിധേയനെന്നെ വിമർശനവും മാധ്യമസൃഷ്ടിയാണ്. നയങ്ങളിൽ നിന്ന് വ്യതിചലിച്ചെന്ന് തോന്നിയാൽ മുന്നണി വേദിയിൽ ഉന്നയിക്കാറുണ്ട്. മുന്നണി വിപൂലീകരണത്തെ കുറിച്ച് ഇപ്പോൾ ചര്‍ച്ചയില്ലെന്നും ആര്‍എസ്പിയെ തിരിച്ച് വിളിക്കണം എന്ന് പറയും പോലെയല്ല മുസ്ലീംലീഗുമായുള്ള സഹകരണമെന്നും കാനം പറഞ്ഞു.
പാര്‍ട്ടിയിൽ എതിര്‍സ്വരങ്ങൾക്ക് തൽക്കാലം ഇടമില്ല, എതിരഭിപ്രായമുള്ളവരെ പോലും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുമെന്ന് പറയുമ്പോഴും പരസ്യ പ്രതികരണങ്ങൾ നടത്തിയവര്‍ക്ക് മേൽ അച്ചടക്കത്തിൻ്റെ വാളുണ്ടെന്ന് കാനം വ്യക്തമാക്കി കഴിഞ്ഞു. മന്ത്രിമാരുടേയും സര്‍ക്കാരിന്റേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും പറയുമ്പോൾ മുന്നണിയുടേയും പാര്‍ട്ടിയുടേയും കെട്ടുറപ്പിന് മൂന്നാം ടേമിൽ കാനം എന്തൊക്കെ ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam