'സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസായിട്ടില്ല'; വിമര്‍ശനവുമായി കാനം

By Web TeamFirst Published Nov 14, 2020, 4:37 PM IST
Highlights

കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണ്. സ്വർണ്ണം ആര് അയച്ചു, ആര് സ്വീകരിച്ചു തുടങ്ങിയവയെല്ലാം അന്വേഷിക്കണം.

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍. വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അതുപരിഹരിക്കുമെന്നും കാനം പറഞ്ഞു. എൽഡിഎഫിൽ രണ്ടാം കക്ഷി സിപിഐയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോണഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും കാനം പറഞ്ഞു.

സീറ്റിനെച്ചൊല്ലി കോട്ടയത്തെ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം പരസ്യമായി തുറന്നടിച്ചിരുന്നു. പുതുതായി മുന്നണിയിലെത്തിയ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവും സിപിഐയും നിലപാട് കടുപ്പിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അവകാശപ്പെട്ട സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ എല്‍ഡിഎഫ് വിട്ട് പാലാ നഗരസഭയില്‍ അടക്കം തനിച്ച് മത്സരിക്കുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.

കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണെന്നും കാനം പറഞ്ഞു. സ്വർണ്ണം ആര് അയച്ചു, ആര് സ്വീകരിച്ചു തുടങ്ങിയവയെല്ലാം അന്വേഷിക്കണം. എന്നാല്‍ അതുനടക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. സ്വര്‍ണ്ണക്കടത്തുമായി സർക്കാരിന് ബന്ധമുണ്ട് എന്ന രീതിയിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. കുറ്റവാളികളെ ശിക്ഷിക്കട്ടെ, അതിന് ആരും എതിരല്ലെന്നും കാനം വിശദീകരിച്ചു. 

click me!