
തിരുവനന്തപുരം: എൻഐഎ ചോദ്യം ചെയ്യലിന് ഒളിച്ചുകടന്ന മന്ത്രി കെ ടി ജലീലിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ജലീൽ സർക്കാർ കാറിൽ തന്നെ പോകണമായിരുന്നുവെന്ന് കാനം പറഞ്ഞു. എന്നാൽ, സിപിഐയുടെ അഭിപ്രായം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ ജലീലിന്റേത് വിവേകപൂർണമായ നടപടിയാണെന്ന് ന്യായീകരിച്ചു.
സ്വർണ്ണക്കടത്ത് ,ലൈഫ് മിഷൻ വിവാദങ്ങളിൽ സർക്കാരിന് സിപിഐയുടെ പൂർണ്ണപിന്തുണയുണ്ടെങ്കിലും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ എത്താൻ ജലീൽ നടത്തിയ നീക്കത്തെ വിമർശിക്കുകയാണ് കാനം രാജേന്ദ്രൻ ചെയ്തത്. പാത്തുംപതുങ്ങിയും ജലീൽ എൻഐഎ ഓഫീസിൽ എത്തിയതും മാധ്യമങ്ങളോട് കള്ളംപറഞ്ഞതും പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയായതിന് പിന്നാലെയാണ് എതിർപ്പ് സിപിഐ സെക്രട്ടറിയും പരസ്യമാക്കിയത്.
എന്നാൽ, സഖ്യകക്ഷി വിമർശിക്കുമ്പോഴും ജലീലിന് മുഖ്യമന്ത്രി പിന്തുണ ആവർത്തിക്കുകയാണ്. ജലീൽ പോയ രീതി സംഘർഷം ഒഴിവാക്കാനുള്ള വിവേക പൂർണ്ണമായ നടപടിയെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
അതേസമയം, സ്വർണ്ണക്കടത്ത് വിഷയത്തിൽ സർക്കാരിനെതിരെയൊ മുഖ്യമന്ത്രിക്കെതിരെയോ വിമർശനങ്ങൾ സിപിഐ സംസ്ഥാന നിർവ്വാഹകസമിതിയിൽ ഉയർന്നില്ലെന്നാണ് കാനത്തിന്‍റെ ഭാഷ്യം. ചില വിയോജിപ്പുകളുണ്ട്. എൽഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ എന്നും കാനം പറഞ്ഞു. സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ എൻഐഎ അന്വേഷണം രാഷ്ട്രീയ പ്രേരിതമാകുന്നുവെന്ന് കാനം വിമർശിച്ചു. അറുപത് ദിവസമായി സെക്രട്ടറിയേറ്റിന് ചുറ്റും മാത്രമായി അന്വേഷണം ഒതുങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam