'കേന്ദ്രത്തെ നേരിടേണ്ടത് ഓർഡിനൻസ് ഇറക്കിയല്ല, ജനത്തെ അണിനിരത്തി': കോടിയേരിയോട് കാനം

By Web TeamFirst Published Jan 28, 2022, 11:44 AM IST
Highlights

കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അംഗീകരിച്ച കാനം പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ലെന്നും ജനങ്ങളെ അണിനിരത്തിയാണെന്നും തിരിച്ചടിച്ചു

തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസിൽ കാനം രാജേന്ദ്രൻ ഇടഞ്ഞുതന്നെ. നിയമസഭ കൂടാൻ ഒരു മാസം ബാക്കി നിൽക്കെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ ധൃതിയെന്ന് അദ്ദേഹം ഇന്ന് ചോദിച്ചു. ഈ ചോദ്യത്തിന് ആരും മറുപടി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അംഗീകരിച്ച കാനം പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ലെന്നും ജനങ്ങളെ അണിനിരത്തിയാണെന്നും തിരിച്ചടിച്ചു.

ഇന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാൻ വേണ്ടിയാണ് ലോകായുക്ത വിഷയത്തിൽ ഓർഡിനൻസ് ഇറക്കുന്നതെന്ന് കോടിയേരി പറഞ്ഞത്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത്. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽ നിന്ന്‌ ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ലോകായുക്ത നിയമം നായനാര്‍ സർക്കാർ കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേതെന്ന് കോടിയേരി വിമർശിച്ചു. നിയമത്തെ  ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത് എന്ന് കോടിയേരി പറയുന്നു.  

നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാം. അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണൻ ലേഖനത്തിൽ പറഞ്ഞു. 

click me!