കൊവിഡ് വൈറസിൻ്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയ കണ്ണാടി പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

Published : Jun 27, 2021, 05:16 PM IST
കൊവിഡ് വൈറസിൻ്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയ കണ്ണാടി പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

Synopsis

പറളി, പിരായിരി എന്നീ പഞ്ചായത്തുകളിലെ വ്യക്തികൾക്കാണ് നേരത്തെ ഡെൽറ്റാ വകഭേദം കണ്ടെത്തിയത്. ഇവിടെയും നിലവിൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.   

പാലക്കാട്: കൊവിഡിൻ്റെ തീവ്രതയേറിയ ഡെൽറ്റ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് നാളെ മുതൽ ഒരാഴ്ച അടച്ചിടും. ജില്ലയിൽ ഡെൽറ്റ വകഭേദം ഉണ്ടായതിൻ്റെ  ഉറവിടം കണ്ണാടി സ്വദേശിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം. പറളി, പിരായിരി എന്നീ പഞ്ചായത്തുകളിലെ വ്യക്തികൾക്കാണ് നേരത്തെ ഡെൽറ്റാ വകഭേദം കണ്ടെത്തിയത്. ഇവിടെയും നിലവിൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. 

പഞ്ചായത്ത് അടച്ചു പൂട്ടിയതായി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ്  - 

ഡെല്‍റ്റ വൈറസ് വകഭേദത്തിൻ്റെ വ്യാപനം തടയുന്നതിൻ്റെ  ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ (ജൂൺ 28 ) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

ജില്ലയിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പർക്കം എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിയിൽ നിന്നാണ് രോഗം പകരാൻ ഇടയായതെന്നും, സമ്പർക്ക പട്ടികയിൽ വന്ന എല്ലാ വ്യക്തികൾക്കും കോവിഡ് ബാധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് കോവിഡ് മരണങ്ങൾ സംഭവിച്ചിട്ടുള്ളതായും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതായും രോഗികൾക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി  സമ്പർക്കം  ഉണ്ടായിട്ടുള്ളതായും കണ്ടെത്തിയ  സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ഏർപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് നടപടി.

കണ്ണാടി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി അതിർത്തികൾ അടയ്ക്കാനും  പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കാനുള്ള    നടപടികൾ ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സ്വീകരിക്കണം.

കൂടാതെ, പഞ്ചായത്തിൽ കോവിഡ് പരിശോധന ശക്തമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യം, പഞ്ചായത്ത്  അധികൃതർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാൽ പാലുല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീൻ - ഇറച്ചി  കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറന്നു പ്രവർത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നൽകുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കി ബന്ധപ്പെട്ട  സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.

ഹോട്ടലുകള്‍, റെസ്റ്റൊറെന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി  7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്.

ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ, പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും ഒഴിവാക്കി ഉച്ചയ്ക്ക് രണ്ടുവരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം.

അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. കൂടാതെ പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള  സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; 6 ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം-സിപിഐ ഭിന്നാഭിപ്രായങ്ങൾക്കിടെ ഇടതുമുന്നണി യോഗം ഇന്ന്, വിശദമായ ചർച്ച നടക്കും