കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടിൽ അഴിമതി: അന്വേഷണ കമ്മീഷനെ വെച്ച് സിപിഎം, ആരോപണം തള്ളി ജില്ലാ സെക്രട്ടറി

Published : Jul 02, 2021, 01:24 PM IST
കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടിൽ അഴിമതി: അന്വേഷണ കമ്മീഷനെ വെച്ച് സിപിഎം, ആരോപണം തള്ളി ജില്ലാ സെക്രട്ടറി

Synopsis

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്

പാലക്കാട്: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം തുടങ്ങാനിരിക്കുന്ന കണ്ണമ്പ്ര റൈസ് പാര്‍ക്കിന്റെ ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിൽ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വം ഒതുക്കി തീർക്കാൻ ശ്രമിച്ച പരാതിയാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് അന്വേഷിക്കാൻ തീരുമാനിച്ചത്. 

പ്രാഥമിക സഹകരണ ബാങ്കുകളുടെ കൂട്ടായ്മയിൽ, കണ്ണമ്പ്രയിൽ സ്ഥാപിയ്ക്കുന്ന റൈസ്പാർക്കിനായി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സുരേഷ് ബാബു, പിഎൻ മോഹനൻ എന്നിവരുള്‍പ്പെട്ട കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. 

റൈസ് പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ്  വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള ഈ പ്രദേശത്ത്, ഏഴ് ലക്ഷം രൂപ ഏക്കറിന് അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി. 

ഭൂമിയിടപാടിൽ കൺസോർഷ്യത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് പങ്കുണ്ടെന്നും, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് പരാതി നൽകി. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. 

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ഇതോടെ സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പരാതി അടിസ്ഥാന രഹിതമാണെന്നും സഹകരണ വകുപ്പിന്‍റെ പൂര്‍ണ അറിവോടെയാണ് ഭൂമി ഇടപാട് നടന്നതെന്നുമായിരുന്നു കണ്ണമ്പ്ര സഹകരണ ബാങ്കിന്‍റെ വിശദീകരണം.

ആരോപണം കെട്ടിച്ചമച്ചത്: സിപിഎം ജില്ലാ സെക്രട്ടറി

റൈസ് മില്ലിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തിയതെന്നത് ബോധപൂർവ്വം കെട്ടിച്ചമച്ച ആരോപണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ പറഞ്ഞു. അപാകത ശ്രദ്ധയിൽ പെട്ടിട്ടില്ല. ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ അത് വിവാദമാക്കേണ്ടതില്ല. പാർട്ടിയുടെ മുന്നിൽ പ്രശ്നം വന്നാൽ അത് ചർച്ച ചെയ്യുന്നതിനപ്പുറം ഒന്നുമില്ല. പാർട്ടി പരിശോധിക്കുന്നത് ആദ്യം കമ്മീഷനെ വെച്ചിട്ടല്ല. നിലവിൽ അന്വേഷണ കമ്മീഷനെ വെച്ചിട്ടില്ല. മാധ്യമങ്ങളെ വിളിച്ചല്ല പാർട്ടി ചർച്ച ചെയ്യുന്നത്. വിഭാഗീയതയുടെ കാലത്തെ രീതിയാണ് വാർത്ത ചോർത്തലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി