
പത്തനംതിട്ട: ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബു ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ബന്ധു. നവീന്റെ ഭാര്യയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നവീനെ കൂട്ടിക്കൊണ്ടു വരാൻ രാവിലെ തന്നെ പോയിരുന്നു. എന്നാൽ, ട്രെയിനിൽ നവീൻ ഉണ്ടായിരുന്നില്ല. കാത്തുനിന്നിട്ടും വരാതെ വന്നപ്പോഴാണ് അന്വേഷിച്ചത്. പിന്നീടാണ് നവീൻ കണ്ണൂരിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞതെന്ന് നവീന്റെ അമ്മാവൻ പറഞ്ഞു.
നവീനെ അഴിമതിക്കാരനെന്ന രീതിയിൽ ചിത്രീകരിച്ചതാണെന്ന് അമ്മാവൻ പറഞ്ഞു. സമ്മർദ്ദങ്ങൾക്ക് വഴുന്നയാളല്ല നവീൻ. ആര് സഹായം ചോദിച്ചാലും ചെയ്യാൻ കഴിയുന്നതെല്ലാം കൃത്യമായി ചെയ്തു കൊടുക്കുന്നയാളാണ്. നാട്ടിൽ പോകണമെന്ന ആഗ്രഹം നവീന് ഉണ്ടായിരുന്നു. കണ്ണൂരിൽ എല്ലാവരുടെയും ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നവീന്റേത് മാത്രം ഇറങ്ങിയില്ല. അങ്ങനെ താനും കൂടി ഇടപെട്ട് അന്വേഷിച്ചപ്പോൾ നവീൻ നല്ല ഉദ്യോഗസ്ഥനായതിനാലാണ് വിടാൻ മടിക്കുന്നതെന്നായിരുന്നു ലഭിച്ച മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിൽ എത്തേണ്ടിയിരുന്നതാണ്. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിച്ചതിന് പിന്നാലെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നവീൻ ബാബുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. യോഗത്തിലേയ്ക്ക് ക്ഷണിക്കാതെയാണ് പി.പി ദിവ്യ എത്തിയത്. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പി.പി ദിവ്യയുടെ ആരോപണം. അഴിമതി ആരോപണത്തിൽ മനംനൊന്താണ് നവീൻ ജീവനൊടുക്കിയതെന്നാണ് വിവരം. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചത്. ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ദിവ്യ വേദി വിടുകയും ചെയ്തിരുന്നു. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകടിപ്പിച്ചതെന്നാണ് വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam