
കണ്ണൂർ: ന്യൂ മാഹിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവർത്തകർ പിടിയിൽ. കൊലപാതകം നടത്തിയ സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊലപാതകം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും കൃത്യം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യാനായില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അടക്കം ആറുപേർ പിടിയിലാകുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കുറ്റത്തിന് ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി പ്രവർത്തകരായ പ്രജോഷ്, കൊച്ചറ ദിനേശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
21 ന് പുലർച്ചെ നടന്ന കൊലപാതകത്തിന് മുൻപ് മൂന്ന് തവണ ഹരിദാസിനെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും പൊലീസ് പറയുന്നു. ഈ ഗൂഢാലോചനയിൽ ഉൾപെട്ട സികെ അർജ്ജുൻ, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഫെബ്രുവരി എട്ടിന് പുന്നോൽ മൂത്ത കൂലോത്ത് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ബിജെപി പ്രവർത്തകരെ ഹരിദാസും സംഘവും മർദ്ദിച്ചതിന്റെ പക വീട്ടാനായിരുന്നു ബിജെപി പ്രവർത്തകരുടെ പദ്ധതി.
നഗരസഭ കൗൺസിലറും ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് പറയുന്നു. ഇയാൾ അടക്കം നാലുപേർ കൃത്യം നടന്നതിന് പിറ്റേന്ന് തന്നെ പിടിയിലായിരുന്നു. ലിജേഷ് ഉൾപടെയുള്ള നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ച് പൊലീസിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam