12% പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വലയിൽ വീഴ്ത്തി; കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ 2 പേർ പിടിയിൽ

By Web TeamFirst Published Jan 6, 2023, 10:52 AM IST
Highlights

കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടറും തൃശൂർ സ്വദേശിയുമായ ഗഫൂർ, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ: കണ്ണൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേരെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടറും തൃശൂർ സ്വദേശിയുമായ ഗഫൂർ, സഹസ്ഥാപനമായ ‘എനി ടൈം മണി’യുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിക്ഷേപ തുകയോ പലിശയോ കൊടുക്കാതെ സ്ഥാപനം പൂട്ടി മുങ്ങി എന്ന പരാതിയിലാണ് നടപടി. ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

59.5 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് പരാതിക്കാർ പൊലീസിനെ സമീപിച്ചതോടെ, ഈ മാസം 30ന് അകം നിക്ഷേപം തിരിച്ച് നൽകാമെന്ന് രണ്ട് ഡയറക്ടർമാരും ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ ഇത് നടക്കില്ലെന്ന നിഗമനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം രണ്ട് ഡയറക്ടർമാരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് വാർത്തയായതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പേരാണ് ഇന്നലെ ടൗൺ സ്റ്റേഷനിൽ പരാതിയുമായെത്തിയത്. ഇത്രയും പരാതികളിലായി നഷ്ടപ്പെട്ടിരിക്കുന്നത് 6 കോടിയോളം രൂപയാണ്. 

Also Read: വൻ പലിശ വാ​ഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്,പൂരം ഫിൻസെർവിനെതിരെ നടപടിയില്ലെന്ന് പരാതി,പണം മടക്കി നൽകുമെന്ന് ഉടമ

12% പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 5300 രൂപ മുതൽ, കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. 2020ലാണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ ജീവനക്കാർക്ക് ശമ്പളവും നിക്ഷേപകർക്ക് പലിശയും കൃത്യമായി നൽകിയിരുന്നതായാണ് വിവരം. ഇതിന് ശേഷമുള്ള തട്ടിപ്പ് എങ്ങനെയാണ് നടന്നിരിക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണമാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്.

click me!