
കോഴിക്കോട് : പന്തിരിക്കരയിലെ ഇർഷാദിന്റെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശിയായ ജസീലാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലുളളത്. ഇയാളെ തടങ്കലിലാക്കിയത് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്‍റെ സംഘമാണെന്നാണ് സൂചന. ഈ സംഘം ഇര്‍ഷാദിന്‍റെ അനുജനേയും നേരത്തെ തട്ടിക്കൊണ്ടു പോയിരുന്നു. ജസീലിന് ക്രൂരമര്‍ദനമേറ്റതിന്‍റെ ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി ബന്ധപ്പെടുത്തിയത് ജസീലായിരുന്നു. എന്നാൽ നാട്ടിലെത്തിയ ശേഷം ഇര്‍ഷാദ് സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറി. സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെയാണ് സ്വർണ്ണം കൊടുത്തുവിട്ട സ്വാലിഹിന്റെ സംഘം ഇഷാദിനെ പരിചയപ്പെടുത്തിയ ജസീലിനെ തടങ്കലിലാക്കി. ഇതിന് ശേഷമാണ് സ്വാലിഹ് നാട്ടിലേക്ക് വന്നതും ഇഷാദിനെ തട്ടിക്കൊണ്ടുപോയതുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അറുപത് ലക്ഷം വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയത്.
ആസൂത്രണം- സ്വാലിഹ് എന്ന 916 നാസര്‍
പന്തിരിക്കര ഇർഷാദ് കേസിൽ മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ് മുഖ്യപ്രതിയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. സ്വർണ്ണം വീണ്ടെടുക്കാൻ ഇർഷാദിനെ തട്ടിക്കൊണ്ടുപോയതും വകവരുത്തിയതുമെല്ലാം, ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറാണ്. ഇയാളുടെ സഹോദരൻ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും ആസൂത്രണത്തിൽ മുഖ്യ പങ്കാളികളായി. ഇവരുടെ അറസ്റ്റ് ആണ് ഇനി കേസ് അന്വേഷത്തിൽ നിർണ്ണായകമാകുക. വിദേശത്തുള്ള പ്രതികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കാൻ നാസർ നാട്ടിലെത്തിയിരുന്നു. ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് ഇർഷാദിനെ തട്ടിക്കൊണ്ടുപോയി. ഒടുവിൽ ഇർഷാദ് മരിച്ച ശേഷം ജൂലൈ 19 ന്, ഇയാൾ വിദേശത്തേക്ക് തിരിച്ചുപോയെന്നാണ് പൊലീസിനുള്ള വിവരം. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് ഇർഷാദ് ചാടിപ്പോയെന്ന് പറയപ്പെടുന്ന പുറക്കാട്ടിരി പാലത്തിന് സമീപത്തും നാസറിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി ചില ദൃക്സാക്ഷി മൊഴികളുണ്ട്.
ഇർഷാദ് കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam