
കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.
കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്കൂൾ പ്രിൻസിപ്പാളും പറയുന്നത്. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പാൾ ശശികുമാർ കൂട്ടിച്ചേര്‍ത്തു.
അപകടത്തിൽപെട്ട ബസിന്റെ വലതുവശത്തെ മുൻസീറ്റിലാണ് മരിച്ച പതിനൊന്നുകാരി ഇരുന്നതെന്ന് ആയ സുലോചന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുറന്നിരുന്ന ജനൽ വഴിയാണ് കുട്ടി തെറിച്ചുവീണത്. ഇറക്കത്തിൽ ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ ഡ്രൈവർ ബ്രേക്ക് ആഞ്ഞ് ചവിട്ടുന്നതാണ് കണ്ടതെന്നും സുലോചന കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam