
കൊച്ചി: രക്ഷിതാക്കള്‍ ഇല്ലാത്ത കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ജില്ല പ്രൊബേഷൻ ഓഫീസർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടാകാമെന്ന് എറണാകുളം ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി അധ്യക്ഷ ബിറ്റി ജോസഫ്. പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിലെ പിഴവായിരിക്കാം ഈ ദുരവസ്ഥയ്ക്ക് കാരണം. എന്നാൽ ഇപ്പോഴത്തെ സമിതിയുടെ മുൻപിൽ ഈ റിപ്പോര്‍ട്ടുകളോ ഫയലുകളോ ഇല്ലെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും സമിതി വ്യക്തമാക്കി.
കുട്ടികളെ സംരക്ഷിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുന്നവരുടെ വിവരങ്ങൾ പരിശോധിച്ച് സി ഡബ്ലു സി ക്ക് നിലവിൽ റിപ്പോര്‍ട്ട് കൈമാറുന്നത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റാണ്. എന്നാൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ എറണാകുളത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും 2016 ൽ പ്രതി ശശികുമാർ കൊണ്ടുപോകുമ്പോൾ ജില്ലാ പ്രൊബേഷൻ ഓഫീസര്‍ക്കായിരുന്നു ഈ ചുമതല. സംരക്ഷിക്കാൻ താത്പര്യമറിയിക്കുന്നവരുടെ സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകളെ കുറിച്ച് ഈ ഉദ്യോഗസ്ഥൻ വിശദമായി പഠിക്കണം അന്നത്തെ പ്രൊബേഷൻ ഓഫീസര്‍ക്ക് ഇക്കാര്യത്തിൽ വീഴ്ച്ചയുണ്ടായതാകാം കുട്ടിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ബാലക്ഷേമ സമിതി വ്യക്തമാക്കുന്നത്.
പ്രതി നേരത്തെ മറ്റ് ജില്ലകളിൽ നിന്നും ഇതുപോലെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയും നിശ്ചിത കാലയളവിന് ശേഷം തിരികെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലം പരിഗണിച്ചാകാം ഇയാൾക്ക് അനുകൂലമായ റിപ്പോര്‍ട്ട് നൽകിയതെന്നാണ് കരുതുന്നത്. മുൻ ഭരണ സമിതിയുടെ കാലത്താണ് കുട്ടിയെ വിട്ടു കൊടുത്തതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി അധ്യക്ഷ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam