ബികോം തോറ്റയാൾ ഉന്നതപഠനത്തിന്: വിദ്യാർത്ഥിനിയുടെ അഡ്മിഷൻ കണ്ണൂർ സർവകലാശാല റദ്ദാക്കി

By Web TeamFirst Published Oct 30, 2019, 2:47 PM IST
Highlights
  • ആരോപണവിധേയനായ ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് തലവന് സ്ഥാനമാറ്റം
  • പ്രവേശനം അന്വേഷിക്കാൻ രജിസ്ട്രാർ തലവനായ മൂന്നംഗ സമിതി

കണ്ണൂർ: ബിരുദം തോറ്റ വിദ്യാർത്ഥിക്ക് കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ പ്രവേശനം ലഭിച്ച സംഭവത്തിൽ നടപടി. വിദ്യാർത്ഥിനിയുടെ അഡ്മിഷൻ സർവകലാശാല റദ്ദാക്കി. ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് തലവൻ ഡോ.വി എ വിൽസണെ സ്ഥാനത്ത് നിന്ന് മാറ്റി. അനധികൃത പ്രവേശനം അന്വേഷിക്കാൻ രജിസ്ട്രാർ തലവനായ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിക്കാനും തീരുമാനമായി. നവംബർ ഏഴിന് മുമ്പ് അന്വേഷണ റിപ്പോർട്ട് നൽകാനും സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ നിർദേശിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.

സംഭവത്തിൽ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് വൈസ് ചാൻസിലർ രാവിലെ വ്യക്തമാക്കിയിരുന്നു. രേഖകൾ മുഴുവൻ കിട്ടിയതായും ഇന്ന് തന്നെ പരിശോധിച്ച് നടപടിയെടുക്കുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ അറിയിപ്പ്. എന്നാൽ വിശദപരിശോധനയിൽ മാർക്ക് ലിസ്റ്റ് കണ്ടെത്താനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

മഹാത്മാഗാന്ധി , കേരള, സാങ്കേതിക സർവകലാശാലക്ക് പിന്നാലെ കണ്ണൂർ സർവകലാശാലയിലും മാർക്ക്ദാന വിവാദം ഉയർത്തി കെഎസ്‍യു ആണ് രംഗത്തെത്തിയത്. ബികോം പരീക്ഷ പാസാകാത്ത വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാലക്ക് കീഴിൽ ഫിസിക്കൽ എജുക്കേഷൻ ഡിപാര്‍ട്ട്മെന്‍റിൽ ഉന്നത പഠനത്തിന് അവസരം നൽകിയെന്നാണ് പ്രധാന ആരോപണം. സംഭവം വിവാദമായതോടെ ബിദുദ പരീക്ഷ ജയിപ്പിക്കാൻ ഗ്രേസ് മാര്‍ക്ക് നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു എന്നും കെഎസ്‍യു പ്രവര്‍ത്തകര്‍ ആക്ഷേപിച്ചു.

വിദ്യാര്‍ത്ഥിനിക്ക് ചട്ടം ലംഘിച്ച് ഉന്നത പഠനത്തിന് അവസരം നൽകിയതിന് പിന്നിൽ ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവിയും ഒരു സിൻഡിക്കേറ്റംഗവുമാണെന്ന് കെഎസ്‌യു വൈസ്‍ചാൻസിലര്‍ക്ക് നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്.

click me!