Kannur University Exams : ചോദ്യപേപ്പർ മാറി നൽകി, നാളെ നടക്കാനിരുന്ന പരീക്ഷ മാറ്റി വച്ചു

By Web TeamFirst Published Dec 15, 2021, 4:32 PM IST
Highlights

കണ്ണൂർ എസ് എൻ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് വീഴചയുണ്ടായത്. നാളെ നടക്കേണ്ട റീഡിങ്ങ്സ് ഓൺ ജെൻഡ‍ർ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നൽകിയത്.

കണ്ണൂ‌‌ർ: കണ്ണൂർ സർവകലാശാല( Kannur University) നാളെ നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി (Exams Postponed). ബി എ അഫ്സൽ ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല പരീക്ഷാ വിഭാഗം അറിയിച്ചു. 

ഇന്ന് നടന്ന സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയിരുന്നു. നാളെ നടക്കേണ്ട റീഡിങ്ങ്സ് ഓൺ ജെൻഡ‍ർ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നൽകിയത്. കണ്ണൂർ എസ് എൻ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് വീഴചയുണ്ടായത്. കവർ മാറി പൊട്ടിച്ചു പോയെന്നാണ് വിശദീകരണം. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പർ തയ്യാറാക്കിയ ശേഷമായിരിക്കും നടത്തുക. 

ഇന്ന് തുടങ്ങിയ രണ്ടാം സെമസ്റ്റ‌ർ ബിരുദ പരീക്ഷയുടെ നടത്തിപ്പ് നേരത്തേ വിവാദത്തിലായിരുന്നു. ഇന്ന് പരീക്ഷയെഴുതേണ്ട കുട്ടികൾക്ക് ഹാൾടിക്കറ്റ് നൽകിയത് ഇന്നലെ വൈകുന്നേരം മാത്രമാണ്. ഹാൾടിക്കറ്റും കോളേജുകൾക്കുള്ള നോമിനൽ റോളും ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമാണ് സൈറ്റിൽ അപ്ലോഡ് ചെയ്തത്. ഹാൾടിക്കറ്റ് വൈകിയതോടെ പരീക്ഷ മാറ്റിവച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവിൽ ഹാൾ ടിക്കറ്റ് ഉടൻ വരുമെന്നും പരീക്ഷ നിശ്ചയിച്ച പോലെ നടക്കുമെന്നും പരീക്ഷ കൺട്രോളർക്ക് വിശദീകരണം ഇറക്കേണ്ടി വന്നിരുന്നു. 

ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ ഒരു ദിവസത്തെ പരീക്ഷ മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളത്. 

click me!