കണ്ണൂർ സർവകലാശാല: വിവാദ സിലബസ് ഉണ്ടാക്കിയ അധ്യാപകന് ബോർഡ് ഓഫ് സ്റ്റഡീസിന്റെ അധ്യക്ഷ സ്ഥാനം, കെഎസ്‌യു സമരത്തിന്

By Web TeamFirst Published Sep 18, 2021, 6:19 AM IST
Highlights

സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തി വിവാദ സിലബസ് തയ്യാറാക്കിയത് നാല് പൊളിറ്റിക്കൽ സയൻസ് അധ്യാപക‍ർ ചേർന്നാണ്

കണ്ണൂർ: പിജി സിലബസുമായി ബന്ധപ്പെട്ട കണ്ണൂർ സർവകലാശാലയിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. തീവ്ര വർഗ്ഗീയ ആശങ്ങളുള്ള സിലബസ് തയ്യാറാക്കിയ അധ്യാപകനെ തന്നെ  യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സണായി നിയമിച്ചു. വിവാദ സിലബസ് തിരുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതും ഈ ബോർഡ് ഓഫ് സ്റ്റഡീസായതിനാൽ ചെയർപേഴ്സണായ ഡോ സുധീഷിനെ മാറ്റുന്നതുവരെ സമരം നടത്തുമെന്ന് വിദ്യാർത്ഥി സംഘടകൾ അറിയിച്ചു

സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തി വിവാദ സിലബസ് തയ്യാറാക്കിയത് നാല് പൊളിറ്റിക്കൽ സയൻസ് അധ്യാപക‍ർ ചേർന്നാണ്. പയ്യന്നൂർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സുധീഷ് കൺവീനറായ  ഈ സമിതിയിൽ അക്കാദമിക രംഗത്ത് പരിചയക്കുറവുള്ള അധ്യാപകരാണ് ഉണ്ടായിരുന്നത്.  സമിതിയിലെ രണ്ട് അധ്യാപകർ ഇതുവരെ പിജി ക്ലാസുകൾ കൈകാര്യം ചെയ്തിട്ട് പോലുമില്ല.   ഇത് സംബന്ധിച്ചുള്ള ചോദ്യത്തോട് അന്ന് വൈസ് ചാൻസിലറുടെ പ്രതികരണം ഇതായിരുന്നു.

ഈ സമിതി തയ്യാറാക്കിയ സിലബസിൽ വലീയ വീഴ്ചകളുണ്ടെന്ന് കാട്ടിയുള്ള റിപ്പോർട്ടാണ് പുതിയ വിദഗ്ധ സമിതി യൂണിവേഴ്സിറ്റിക്ക് നൽകിയത്.  റിപ്പോർട്ട് പഠിച്ച് സിലബസിൽ എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് അറിയിക്കാൻ വൈസ് ചാൻസിലർ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറി. ഈ ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർപേഴ്സണാകട്ടെ  പഴയ സിലബസ് തയ്യാറാക്കിയ അതേ അസിസ്റ്റന്റ് പ്രഫസ‍ർ സുധീഷാണ്.  ഇത് അംഗീകരിക്കില്ലെന്ന് കാട്ടി കെ‌എസ്‌യു വൈസ് ചാൻസലറെ കണ്ട് പ്രതിഷേധിച്ചു.

സിലബസുകൾ തയ്യാറാക്കാനായി  അനുഭവ പരിചയമുള്ള നിരവധി അധ്യാപകർ സംസ്ഥാനത്ത് ഉണ്ടായിരിക്കെ അക്കാദമിക രംഗത്ത് പരിചയക്കുറവുള്ളവരെ നിയോഗിക്കുന്നത് നിക്ഷിപ്ത താത്പര്യം കൊണ്ടാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!