
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
ചോദ്യപേപ്പര്‍ ചോർച്ച; എം.എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല
വിശദവിവരങ്ങൾ ഇങ്ങനെ
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആന്‍റ് സയൻസ് കോളേജിൽ കണ്ടെത്തിയത് ഗുരുതര പരീക്ഷാ ക്രമക്കേടുകളാണ്. പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് കോളേജിലേക്ക് ഓൺലൈൻ വഴി അയക്കുന്ന ചോദ്യപ്പേപ്പറാണ് ചോർത്തിയത്. ചോദ്യങ്ങൾ വാട്സാപ്പിലൂടെ അധ്യാപകർ വിദ്യാർത്ഥികൾക്ക് അയച്ചുനൽകിയെന്ന് സർവകലാശാല പ്രത്യേക സ്ക്വാഡ് ഏപ്രിൽ രണ്ടിന് നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാർച്ച് പതിനെട്ട് മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു ബി സി എ ആറാം സെമസ്റ്റർ പരീക്ഷ. ഏപ്രിൽ രണ്ടിന് മുമ്പ് നടന്ന പരീക്ഷകളുടെ ചോദ്യങ്ങളും വാട്സാപ്പിൽ പങ്കുവെച്ചതായി കണ്ടെത്തി. സ്വാശ്രയ കോളേജിലെ ക്രമക്കേടിൽ സർവകലാശാല ബേക്കൽ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. വൈസ് ചാൻസലർ നിയോഗിച്ച സിൻഡിക്കേറ്റ് സമിതിയും അന്വേഷണം തുടങ്ങി. കോളേജിലെ പരീക്ഷാകേന്ദ്രം കാസർകോട് ഗവ. കോളേജിലേക്ക് മാറ്റി. പ്രിൻസിപ്പൽമാർക്കുളള പ്രത്യേക ഇ മെയിലിലേക്കാണ് ചോദ്യപ്പേപ്പറുകൾ അയക്കുന്നത്. ഇത് ഡൗൺലോഡ് ചെയ്തതിന് ശേഷം അധ്യാപകർ വാട്സാപ്പിൽ ടൈപ്പ് ചെയ്ത് അയച്ച് കൊടുത്തെന്നാണ് നിഗമനം. മുൻ സെമസ്റ്ററുകളിലും സമാന ക്രമക്കേട് നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഓൺലൈനിൽ ചോദ്യപ്പേപ്പറുകൾ അയക്കുന്ന സംവിധാനം, ദുരുപയോഗം ചെയ്യുമെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് ബലം നൽകുന്നു വാട്സാപ്പ് വഴിയുളള ചോദ്യപ്പേപ്പർ ചോർച്ചയെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം