
കോഴിക്കോട്: പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാവണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജറുസലേം ആസ്ഥാനമായി പലസ്തീൻ രാജ്യം രൂപീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണം. വില കൊടുത്ത് വാങ്ങാൻ ഗാസ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല. പലസ്തീന്റെ മണ്ണ് കയ്യടക്കി വെച്ചിരിക്കുന്നവർ തിരിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്ലീം ജമ അത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സൗഹാർദ്ദത്തിൽ കഴിയുന്ന വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വർഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കാൻ ചിലർ നന്നായി ശ്രമിക്കുന്നുണ്ട്. ഇതിന് ഒത്താശ ചെയ്യുന്നവരെ സമൂഹം അകറ്റി നിർത്തണം. ഇക്കാര്യത്തിൽ എല്ലാ ജനവിഭാഗങ്ങളും ജാഗ്രത പാലിക്കണം. തീവ്ര ചിന്താഗതികളിലേക്ക് നയിക്കുന്ന ഒരു നീക്കത്തേയും സമസ്ത അംഗീകരിക്കുന്നില്ല. അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ളീങ്ങൾ വർഗ്ഗീയതയും പിന്തിരിപ്പൻ നിലപാടും പ്രചരിപ്പിക്കുന്നവരാണെന്ന് ചിലർ അധിഷേപിക്കുന്നുണ്ട്. അത് തെറ്റാണ്. ഇസ്ലാമിക മൂല്യങ്ങൾ ഉൾക്കൊണ്ടാണ് മുസ്ളീങ്ങൾ ജീവിക്കുന്നത്. ഖുർ ആൻ പ്രകാരമാണ് ജീവിതം. മുസ്ളീം സമുദായത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കാൻ അമേരിക്ക ശ്രമിക്കുന്നു. ഇന്ത്യ രാജ്യത്തെ വൈദേശികരിൽ നിന്ന് പിടിച്ചെടുക്കുന്നതിൽ മുസ്ലീം സമുദായത്തിന് കാര്യമായ പങ്കുണ്ട്. വാഗൺ ട്രാജഡിയിൽ മരിച്ച് വീണവരെല്ലാം മുസ്ലിങ്ങളായിരുന്നു. മുസ്ളീം സമുദായം രാജ്യത്തിന് വേണ്ടി എല്ലാ കാലത്തും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ പോയാൽ പോലും മുസ്ലീങ്ങൾ അവഗണന നേരിടുന്നുണ്ട്. അത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു.
മുസ്ളിങ്ങൾ സൗഹാർദത്തിനായാണ് എല്ലാ കാലത്തും പ്രവർത്തിച്ചതെന്നും മുസ്ലീം ഭരണ കാലത്ത് പോലും രാജ്യത്ത് അന്യമതസ്തരെ ദ്രോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മതസ്ഥർ അവരുടെ വിശ്വാസത്തിനുസരിച്ച് ജീവികുന്നതിനെ മുസ്ലിങ്ങൾ എതിർത്തിട്ടില്ല. മതപരിവർത്തനം നടത്തിയിട്ടുമില്ല.
ബൈത്തു സഖാത്തുമായി ചിലർ വന്നു. സഖാത്തുകളെ നശിപ്പിച്ച് കളയാനാണിതെന്നും ജമാ അത്തെ ഇസ്ലാമിയുടെ ബൈത്തു സഖാത്തിനെ വിമർശിച്ച് കാന്തപുരം പറഞ്ഞു. ചില കുതന്ത്രങ്ങൾ ആവിഷ്ക്കരിച്ച് ഇവർ മുന്നോട്ട് പോകുന്നു. ബൈത്തു സഖാത്തിന്റെ കമ്പനിയുമായി വരുന്നവരെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ധാരണയോടെ മുന്നോട്ട് പോകണം. രാജ്യ പുരോഗതിക്ക് ഇത് അനിവാര്യമാണ്. പ്രതിപക്ഷം പറയുന്നത് നല്ലതാണെങ്കിൽ ഭരണ പക്ഷം അംഗീകരിക്കാൻ തയാറാവണം. മറിച്ചും വേണം. എങ്കിലേ രാജ്യ പുരോഗതി ഉണ്ടാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.