
കോഴിക്കോട്: ഹലാൽ വിവാദത്തിലെ വർഗ്ഗീയ പ്രചാരണങ്ങളെ തള്ളി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഹലാൽ ഭക്ഷണം കഴിക്കുക മുസ്ലീം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിൻ്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം കോഴിക്കോട്ട് പറഞ്ഞു.
മുസ്ലീം മതസ്ഥർ നടത്തുന്ന ചില ഹോട്ടലുകളിൽ മാത്രമാണ് ഹലാൽ ഭക്ഷണം കിട്ടുമെന്ന ബോർഡ് വയ്ക്കുന്നത്. ഹലാൽ ബോർഡ് വയ്ക്കാതെ പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകൾ നാട്ടിലുണ്ട്. മുസ്ലീം മതസ്ഥർ നടത്തുന്ന ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ധാരാളം ഇതരമതസ്ഥരും ഈ നാട്ടിൽ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചാൽ ഇതിലെ സത്യാവസ്ഥ എന്താണെന്ന് അറിയാനാവും. ഹലാൽ ബോർഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്. വിവാദങ്ങളിലൂടെ വർഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു.
അതേസമയം പോപ്പുലർ ഫ്രണ്ട് അജണ്ടയായ ഹലാലിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട്ട് പറഞ്ഞു. ഹലാൽ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണയേകുകയാണ് ചെയ്യുന്നത്. അടുത്തിടെയായി തൻ്റെ വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam