'ദൈവത്തിന് മുകളിലെന്ന് വിചാരം,' കേരള ഗവർണർക്കെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

By Web TeamFirst Published Jan 18, 2020, 12:35 PM IST
Highlights
  • സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കപിൽ സിബൽ
  • പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിലപാടുകളിലാണ് വിമർശനം

ദില്ലി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ദൈവത്തിന് മുകളിലാണെന്നാണ് കേരള ഗവർണറുടെ വിചാരമെന്ന് കപിൽ സിബൽ വിമർശിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിലപാടുകളിലാണ് വിമർശനം.

രാജ്യത്തെ നിയമം ഗവർണർക്കും ബാധകമാണെന്ന് കപിൽ സിബൽ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമനുസരിച്ച് പ്രവർത്തിക്കണം. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമേയം പാസാക്കാൻ സംസ്ഥാനങ്ങൾക്ക്  അവകാശമുണ്ട്. പക്ഷെ പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിയമപരമായി കഴിയില്ലെന്നും സിബൽ വിശദീകരിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് വാര്‍ത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടുകൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. ഗവര്‍ണര്‍ക്ക് സര്‍ക്കാരിൽ നിന്ന് വിവരങ്ങൾ തേടാമെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നൽകുമെന്നും തോമസ് ഐസക് പറഞ്ഞു. മന്ത്രിമാരാരും പരസ്യ പ്രസ്താവനകളിറക്കി വിവാദത്തിൽ കക്ഷിചേര്‍ന്നിട്ടില്ലെന്നും തോമസ് ഐസക് ഓര്‍മ്മിപ്പിച്ചു. ദില്ലിയിൽ ജിഎസ്ടി യോഗത്തിനെത്തിയതായിരുന്നു തോമസ് ഐസക്. 

കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഗവര്‍ണറുടെ അനുമതി വാങ്ങേണമെന്ന് നിയമത്തിൽ പറയുന്നില്ലെന്ന് മന്ത്രി എകെ ബാലനും വിശദമാക്കിയിരുന്നു. വിശദീകരണം തേടിയാൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മറുപടി നൽകുമെന്നും ഗവര്‍ണറുമായോ കേന്ദ്ര സര്‍ക്കാരുമായോ പരസ്യമായ ഏറ്റുമുട്ടലല്ല സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എകെ ബാലനും വ്യക്തമാക്കിയിരുന്നു. 

click me!