
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് (karipur airport)ഹജ്ജ് യാത്ര(hajj journey) അനുമതി നിഷേധിച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഈ വര്‍ഷം കൊച്ചി വിമാനത്താവളമാണ് ഹജ് യാത്രയ്ക്കുളള ഏക കേന്ദ്രം. വിമാന ദുരന്തശേഷം വലിയ വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഹജ്ജ് യാത്രയിലും കരിപ്പൂരിന് തിരിച്ചടിയായത്.
കേരളത്തില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നാണ്. ഹജ്ജ് ഹൗസും കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിച്ച വനിതാ ബ്ലോക്ക് അടക്കമുളള സൗകര്യങ്ങളും കരിപ്പൂരിലാണ്. എന്നിട്ടും കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ആരോപിക്കുന്നു.
2015ല്‍ റണ്‍വേ റീ കാര്‍പറ്റിംഗിന്‍റെ പേരില്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് 2016,2017,2018 വര്‍ഷങ്ങളിലും കൊച്ചിയായിരുന്നു കേരളത്തിലെ ഏക ഹജ്ജ് യാത്ര കേന്ദ്രം.സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും നിരന്തരം ആവശ്യം ഉന്നയിച്ചതിനെത്തുടര്‍ന്ന് 2019ല്‍ കരിപ്പൂരിന് വീണ്ടും ഹജ്ജ് യാത്രാ കേന്ദ്രത്തിനുളള അനുമതി കിട്ടി. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മുടങ്ങിയ ഹജ്ജ് തീര്‍ത്ഥാടനം വീണ്ടും തുടങ്ങുന്ന ഘട്ടത്തിലാണ് വീണ്ടും കരിപ്പൂര്‍ പട്ടികയില്‍ നിന്ന് പുറത്തായത്.
2021 ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമനദുരന്തത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചെറുവിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തിയാല്‍ ചെലവ് ഏറുമെന്നത് പരിഗണിച്ചാണ് കൊച്ചിയെ കേരളത്തിലെ ഏക ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റാക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും തീരുമാനിച്ചതെന്നാണ് സൂചന. എന്നാല്‍ കരിപ്പൂര്‍ വിമാന അപകടം വിമാനത്താവളത്തിലെ അപാകത കൊണ്ടല്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ക്കുളള നിയന്ത്രണം പിന്‍വലിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam