റൺവേയിലെ പ്രശ്നങ്ങൾ: കരിപ്പൂരിന് കഴിഞ്ഞ വർഷം തന്നെ ഡിജിസിഎ നോട്ടീസ് ലഭിച്ചിരുന്നു

By Web TeamFirst Published Aug 8, 2020, 2:23 PM IST
Highlights

വിമാനത്താവളത്തിലെ പ്രധാന റൺവെയിൽ  റബ്ബർ അവശിഷ്ടങ്ങൾ ഉണ്ടെന്നും റൺവേയിൽ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ പലതരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കഴിഞ്ഞ വ‍ർഷം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി വിവരം. 2009 ജൂലൈയിലാണ് കരിപ്പൂ‍ർ വിമാനത്താവളത്തിലെ റൺവേയ്ക്കുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യോമയാനമന്ത്രാലയം എയ‍ർപോ‍ർട്ട് ഡയറക്ട‍ർക്ക് കത്ത് നൽകിയത്. 

വിമാനത്താവളത്തിലെ പ്രധാന റൺവെയിൽ  റബ്ബർ അവശിഷ്ടങ്ങൾ ഉണ്ടെന്നും റൺവേയിൽ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു. റൺവേയിൽ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു.  

സ‍ർവ്വീസിന് ശേഷം വിമാനങ്ങൾ നിർത്തിയിടുന്ന ഏപ്രണിലും വിള്ളലുകൾ കണ്ടെത്തി. കാലാവസ്ഥ സൂചന നൽകുന്ന ഡിജിറ്റൽ ഡിസ്പ്ലേ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അത്യാഹിത സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ട അഗ്നിശമന വസ്തുക്കൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിരുന്നില്ല തുടങ്ങിയ പ്രശ്നങ്ങളും കരിപ്പൂ‍ർ വിമാനത്താവളത്തിൽ നടത്തി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുട‍ർന്നാണ് ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡിസി ശർമ കരിപ്പൂ‍ർ വിമാനത്താവള അധികൃത‍ർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

click me!