
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ട യാത്രക്കാരുടെ ലഗേജുകൾ വീണ്ടെടുക്കാൻ അന്താരാഷ്ട്ര ഏജൻസിയെ ഏൽപ്പിച്ചതായി എയർ ഇന്ത്യ. ലഗേജുകൾ സുരക്ഷിതമായി വീണ്ടെടുത്ത് കസ്റ്റംസിന്‍റെയോ പൊലീസിന്‍റെയോ സഹായത്തോടെ ഏജൻസി പട്ടിക തയ്യാറാക്കും. ഇതു പ്രകാരം യാത്രക്കാരേയും അല്ലങ്കിൽ അവരുടെ ബന്ധുക്കളെ എയർ ഇന്ത്യ ബന്ധപ്പെട്ട് ലഗേജുകൾ കൈമാറും. ലഗേജ് സംബന്ധിച്ച് യാത്രക്കാർക്ക് ആശങ്ക ആവശ്യമില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട വിമാനം ഡിജിസിഎ സംഘം ഇന്ന് പരിശോധിച്ചു. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയർ ഇന്ത്യ സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. എയര്‍ ഇന്ത്യയുടെ സംഘം നേരത്തെ ഇവിടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോയിംഗ് അന്വേഷണ സംഘം അടുത്തയാഴ്ച കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുൺ കുമാർ വ്യക്തമാക്കി. കരിപ്പൂരിൽ റൺവേ നീളം കൂട്ടുന്നത് പരിഗണിക്കണം. വിമാനം മറ്റൊരിടത്ത് ഇറങ്ങേണ്ടിയിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച കിട്ടുമെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസലും വ്യക്തമാക്കി. വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി തല്ക്കാലം സൂചനകളിലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. അപകടത്തിൻറെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ സമാനസംഭവങ്ങൾ തടയാനുള്ളഇഎൻഎഎസ് സംവിധാനം ഒരുക്കുന്നതും ആലോചിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേ സമയം അപകടത്തിൽ പരിക്കേറ്റ 115 പേർ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചികിത്സയിൽ തുടരുന്നുണ്ടെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ. ഇവരിൽ 14 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന 57പേർ വീടുകളിലേക്ക് മടങ്ങിയെന്നും കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam