Easter 2023 : ഈസ്റ്ററിന് കേരളത്തിലേക്ക് കൂടുതല്‍ ബസുകളുമായി കർണാടക ആർടിസി 

By Web TeamFirst Published Mar 24, 2023, 12:23 AM IST
Highlights

ഏപ്രിൽ അഞ്ച്, ആറ് തീയതികളിലായി 12 അധിക ബസ്സുകളാണ് വിവിധ റൂട്ടുകളിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ബെംഗളുരു: ഈസ്റ്ററിനോട് അനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് കൂടുതൽ ബസ്സുകൾ ഏർപ്പെടുത്തി. ഏപ്രിൽ അഞ്ച്, ആറ് തീയതികളിലായി 12 അധിക ബസ്സുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തേക്ക് അഞ്ചും ആറും തീയതികളിൽ മൈസുരുവിൽ നിന്നും ബെംഗളുരുവിൽ നിന്നും ഓരോ ബസ്സുകൾ വീതം ഓടിക്കും. കോട്ടയത്തേക്ക് ബെംഗളുരുവിൽ നിന്ന് അഞ്ചിന് രണ്ട് ബസ്സുകളും ആറിന് ഒരും ബസ്സും ഏർപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്ടേക്ക് അഞ്ചും ആറും തീയതികളിൽ ബെംഗളുരുവിൽ നിന്ന് ഓരോ ബസ് വീതമുണ്ടാകും. തൃശ്ശൂരേക്ക് അഞ്ചാം തീയതി ഒരു ബസ്സും ആറാം തീയതി രണ്ട് ബസ്സുകളും ഉണ്ട്. ഇവയെല്ലാം ഐരാവത് ക്ലബ് ക്ലാസ് ബസ്സുകളായിരിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ നവരാത്രി ദസറ അവധി സമയത്ത് കേരളത്തിലേക്ക് അടക്കമുള്ള അന്തര്‍ സംസ്ഥാന യാത്രകളില്‍ നിന്ന് കര്‍ണാടക ആര്‍ടിസിക്ക് വന്‍ ലാഭമുണ്ടായിരുന്നു. 22 കോടിയുടെ വരുമാനമാണ് കര്‍ണാടക ആര്‍ടിസിക്ക് ലഭിച്ചതെന്നാണ് പുറത്ത് വന്ന കണക്കുകളില്‍ നിന്ന് വ്യക്തമായത്.

ഇതിന് പിന്നാലെ ലാഭകരമായ കേരള റൂട്ടിലേക്ക് കൂടുതല്‍ വോള്‍വോ ബസുകള്‍ അനുവദിക്കുന്ന കാര്യം കര്‍ണാടക ആര്‍ടിസിയില്‍ ചര്‍ച്ചയായിരുന്നു. കേരള ആര്‍ടിസികളിലെ ഫ്ലക്സി നിരക്ക് യാത്രക്കാരെ കര്‍ണാടക ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ടിക്കറ്റ് ബുക്കിങ്ങിന് സീസണ്‍ ഓഫര്‍ വരെ നല്കിയാണ് കര്‍ണാടക ആര്‍ടിസി യാത്രക്കാരെ ഉറപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി മാസത്തില്‍ ക‍ർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസ്സിൽ വനിതാ യാത്രക്കാരുടെ സീറ്റിൽ സഹയാത്രികന്‍ മൂത്രമൊഴിച്ചത് വലിയ വാവദമായിരുന്നു. KA-19 F-3554 എന്ന കെഎസ്ആർടിസിയുടെ വിജയപുര - മംഗളുരു ബസിലായിരുന്നു യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.

ഹുബ്ബള്ളിയിൽ ഭക്ഷണം കഴിക്കാനായി ബസ്സ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോഴായിരുന്നു സംഭവം. ബസ്സിൽ കിടന്നുറങ്ങുകയായിരുന്ന ഇരുപതുകാരിയുടെ സീറ്റിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഓടിക്കൂടി. സംഭവം ചോദ്യം ചെയ്തപ്പോൾ യുവാവ് ബസ് ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറി. തുടർന്ന് ബസ് ജീവനക്കാർ ഇടപെട്ട് ഇയാളെ ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.

click me!