
കൊല്ലം: ലൈംഗികാരോപണ കേസിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ സിപിഎം നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരി. ഭർത്താവിൻ്റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ചെയർമാൻ കോട്ടയിൽ രാജു ലൈംഗിക ചുവയോടെ സംസാരിച്ചത്. ആവശ്യങ്ങൾക്ക് വഴങ്ങാത്തതിൻ്റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചു. ഒരു വർഷം മുൻപ് നടന്ന സംഭവം പേടി കാരണമാണ് പുറത്തു പറയാൻ വൈകിയതെന്നും നഗരസഭയിലെ താത്കാലിക ജീവനക്കാരിയായ പരാതിക്കാരി ആരോപിച്ചു.
എന്നാൽ അടിസ്ഥാന രഹിതമായ പരാതിയിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്ന്നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വ്യക്തമാക്കി. പൊലീസ് അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി വ്യക്തമാകും. താൻ പരാതിക്കാരിയെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. ജീവനക്കാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിൻ്റെ പേരിലാണ് നിലവിലെ ജോലിയിൽ നിന്നും പരാതിക്കാരിയെ മാറ്റിയതെന്നും രാജു പറഞ്ഞു. പരാതിക്കാരി സഹായം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ലെന്നും തൻ്റെ ഓഫീസിൽ വന്നിട്ടില്ലെന്നും രാജു പറയുന്നു. പരാതിക്കാരിക്ക് പിന്നിൽ ആളുണ്ടെന്നും അത് പാർട്ടിക്കാരാണോ എന്ന ചോദ്യത്തിന് അത് പിന്നീട് പറയാമെന്നും രാജു പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam