
കാരുണ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ചികിത്സ വടക്കന്‍ കേരളത്തില്‍ ചില സ്വകാര്യ ആശുപത്രികൾ നിര്‍ത്തി വെച്ചതോടെ ഹൃദയ ശസ്ത്രക്രിയയുള്‍പ്പെടെ നടത്താനാവാതെ രോഗികള്‍. കോടികള്‍ കുടിശ്ശികയായതോടെയാണ് കാസ്പ് പ്രകാരമുള്ള ശസ്ത്രക്രിയകള്‍ ചില സ്വകാര്യ ആശുപത്രികള്‍ നിര്‍ത്തിയത്.
വടകര കൈനാട്ടി സ്വദേശിയാണ് ഹൃദ്രോഗിയായ ദേവി. ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവ് രവിയാണ് ആകെയുള്ള ആശ്രയം. ഉദര സംബന്ധമായ അസുഖത്തിന് ദേവി ചികിത്സ തേടിയപ്പോഴാണ് ഹൃദയത്തിന്‍റെ വാല്‍വ് ചുരുങ്ങുന്ന രോഗം തിരിച്ചറിഞ്ഞത്. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചപ്പോള്‍ കാരുണ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ വടകര സഹകരണ ആശുപത്രിയിലെത്തി.മറുപടി ഇങ്ങനെയായിരുന്നു.സർക്കാർകോടികള്‍ കുടിശിക വരുത്തിയതിനാൽ ഒരാഴ്ചയിലേറെയായി കാരുണ്യ പദ്ധതി പ്രകാരമുള്ള ശസ്ത്രക്രിയകളുള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണ് വടകര സഹകരണ ആശുപത്രി വ്യക്തമാക്കി.
വടക്കന്‍ കേരളത്തില്‍ കാസ്പ് പദ്ധതിയില്‍ എം പാനല്‍ ചെയ്തിരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നത് വടകര സഹകരണ ആശുപത്രിയുള്‍പ്പെടെ മൂന്ന് ആശുപത്രികളില്‍ മാത്രമാണ്. ഒന്നരക്കോടിയോളം രൂപയാണ് വടകര സഹകരണ ആശുപത്രിക്ക് സർക്കാരിൽ നിന്നും കിട്ടാനുള്ളത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കുള്‍പ്പെടെ പണം നല്‍കാന്‍ പ്രതിസന്ധി നേരിടുന്നതിനാലാണ് കാസ്പ് പ്രകാരമുള്ള ചികിത്സ താത്കാലികമായി നിര്‍ത്തിയതെന്ന് ആശുപത്രി മാനേജ്മെന്‍റ് പറയുന്നു. കോഴിക്കോട് ഇഖ്റ ആശുപത്രിക്ക് പത്ത് കോടിയോളം രൂപയാണ് കാസ്പ് പ്രകാരം കിട്ടാനുള്ളത്. മുക്കം കെ എം സി ടിക്ക് ഏഴു കോടി രൂപയോളം വരും. ചികിത്സാ രേഖകള്‍ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പതിനഞ്ച് ദിവസത്തിനകം പണം കൈമാറാമെന്ന് ധാരണയുണ്ടെങ്കിലും മൂന്ന് മാസത്തിലേറെയായി പല ആശുപത്രികള്‍ക്കും പണം കുടിശ്ശികയാണ്. എന്നാല്‍ സര്‍ക്കാര്‍ 200 കോടി രൂപ കാസ്പിനായി അനുവദിച്ചിട്ടുണ്ടെന്നും പണം ആശുപത്രികള്‍ക്ക് കൈമാറി വരികയാണെന്നുമാണ് പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ വിശദീകരണം.
കാരുണ്യ പദ്ധതി പുതിയ രൂപത്തിൽ: ചികിത്സ ചിലവ് സർക്കാർ നേരിട്ട് ആശുപത്രിക്ക് നൽകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam