കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

By Web TeamFirst Published Aug 11, 2021, 12:02 PM IST
Highlights

 ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം,  അക്കൗണ്ടൻ്റ  സി.കെ ജിൽസ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം,  അക്കൗണ്ടൻ്റ  സി.കെ ജിൽസ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.

തൃശൂർ നഗരത്തിലെ കൊള്ള പലിശക്കാരിൽ നിന്ന് വായ്പ എടുത്തതായി പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകി. ബിസിനസ് വിപുലികരിക്കുകയായിരുന്നു ലക്ഷ്യം. വായ്പയുടെ പലിശയായി  14 കോടി രൂപ അടച്ചു. ഇതിനുള്ള 14 കോടി രൂപ  ബാങ്കിൽ നിന്ന് വായ്പ  എടുത്തതായും മൊഴിയിലുണ്ട്.

ബിജു കരീം, ജിൽസ്, രജി അനിൽ കുമാർ എന്നീ പ്രതികളുടെ മുൻ കൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. നടന്നത് വൻ ക്രമകേടെന്ന് കോടതി വിലയിരുത്തി. അന്വേഷണം പ്രാരംഭ ദശയിൽ ആയതിനാൽ അപേക്ഷ തള്ളുകയായിരുന്നു. അഞ്ചാം പ്രതിയായ കിരണും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. 

മുഖ്യ പ്രതി ടി ആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് ഇന്നലെ ഇരിങ്ങാലക്കുട കോടതി റിമാൻ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയായിരുന്ന സുനിൽ കുമാർ പദവി ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി റിമാൻ്റ് റിപ്പോർട്ട്. മുഖ്യ പ്രതിയായ സുനിൽകുമാറും രണ്ടാം പ്രതി ബിജു കരീമും ചേർന്ന് നടത്തിയത് 100 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു. വ്യാജരേഖ ചമച്ചും സോഫ്ട് വെയറിൽ ക്രമക്കേട് നടത്തിയും തട്ടിപ്പ് നടന്നു. ബാങ്കിൽ അംഗത്വമില്ലാത്തമറ്റൊരു പ്രതിയായ കിരണിന് വായ്പയായി നൽകിയത് 23 കോടി രൂപയാണ്. ബാക് സെക്രട്ടറിയായ സുനിൽ കുമാറിൻ്റെ ഇടപെടൽ മൂലമാണ്  ഇത് നടന്നത്. ഇത് പലിശ ഉൾപ്പെടെ 33 കോടി രൂപയുടെ കുടിശ്ശികയായി. 279 വായ്പകൾ 50 ലക്ഷത്തിന് മുകളിലുള്ളതാണ്. ഇതിൻ്റെ അപൂർണമായ രേഖകൾ മാത്രമെ  ബാങ്കിലുളളൂ.  ഭൂമി വില കൂട്ടിക്കാണിച്ചും വൻ തുക വായ്പകൾ നൽകി. സുനിൽ കുമാർ പല വായ്പകളും അനുവദിച്ചത് ഭരണസമിതി പ്രസിഡൻ്റിൻ്റ ഒപ്പില്ലാതെയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 24 വരെയാണ് സുനിൽ കുമാറിനെ കോടതി  റിമാൻ്റ് ചെയ്തത്.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പിലെ ഉന്നതർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. സർക്കാർ നിയോഗിച്ച പത്തം​ഗ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്നലെ രാത്രി ലഭിച്ചു. ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ബാങ്കിന്റെ ക്രമക്കേട് കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ ഓഡിറ്റർമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് നടപടി. ഇന്ന് തന്നെ സസ്പെഷൻ ഉത്തരവിറങ്ങുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയതിന് തുടർന്ന് ബാങ്ക് ഭരണസമിതി പരിച്ചുവിടുകയും ബാങ്കിലെ ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ ക്രമക്കേട് കണ്ടെത്തിയിട്ടും സഹകരണ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ഏറ്റവും പുതിയ നടപടി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!