
കൊച്ചി:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി. രാജീവിന്‍റെ സമ്മര്‍ദമുണ്ടായെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മന്ത്രി പി രാജീവിനെതിരെ കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും സത്യവാങ്മൂലത്തില്‍ ഇ ഡി വ്യക്തമാക്കുന്നു.
കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിനായി രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നും വിവിധ ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു അക്കൗണ്ടുകളെന്നും ഇഡി നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്. ഏരിയ കോൺഫറൻസ്, സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നീ പേരിലായിരുന്നു പണം സൂക്ഷിച്ചിട്ടത്. ഇതിന് മാത്രമായി പ്രത്യേക മിനിറ്റ്സ് ബുക് ഉണ്ടായിരുന്നു. കോടികൾ രഹസ്യ അക്കൗണ്ടുകളിലൂടെ സി.പി.എം നിക്ഷേപിച്ചുവെന്നും ഇ.ഡി വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുളള സ്വകാര്യ ഹർജിയിലാണ് ഇ.ഡി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
അതേസമയം, കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ കഴിഞ്ഞദിവസം തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കരുവന്നൂർ ബാങ്കിലെ സി പി എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. 5 അക്കൗണ്ടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി പറയുന്നു.
കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പറയുന്നത്. പാര്‍ട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബെനാമി ലോണുകളുടെ കമ്മിഷൻ തുകയുടെ കൈമാറ്റമാണ്. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി പറയുന്നു. എന്നാൽ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല. നേരത്തെ ചോദ്യംചെയ്യലിനിടെ അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മൊഴി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam