
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന്‍റെ പ്രതിനിധികല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇന്ന് രാവിലെയാണ് എം.കെ. കണ്ണന്‍റെ പ്രതിനിധികള്‍ ഇഡി ഓഫീസിലെത്തിയത്. എം.കെ. കണ്ണന്‍റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ഇതിനിടെയാണ് എം.കെ. കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ രേഖകളുമായി ഇഡി ഓഫീസിലെത്തിയത്.
ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് ഇഡിയുടെ നിർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ കൊണ്ടുവന്നിരുന്നില്ല. തുടര്‍ന്നാണ് ഇഡി നൽകിയ മൂന്നാമത്തെ നോട്ടീസിലാണ് ഇപ്പോള്‍ രേഖകൾ എത്തിച്ചത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റും കേരളാ ബാങ്ക് വൈസ് പ്രസിഡൻ്റുമാണ് സി പി എം നേതാവായ എം കെ കണ്ണൻ. കരുവന്നൂരിലെ തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കരുവന്നൂർ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ് കണ്ണനേയും നോട്ടമിട്ടത്. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
അതേസമയം കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സി പി എം കൗൺസിലർ മധു അമ്പലപുരം ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി കഴിഞ്ഞദിവസം എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയതിനെ തുടർന്നാണ് മധു ഹാജരായത്. എന്നാൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ട യെസ്ഡി ജ്വല്ലറി ഉടമ സുനിൽകുമാർ ഇതുവരെയും ഹാജരായിട്ടില്ല. രണ്ട് ദിവസം ഇഡി നോട്ടീസ് നൽകിയിട്ടും സുനിൽകുമാർ ഹാജരായില്ല. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സുനിൽകുമാർ ചികിത്സ തേടിയതായാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam