തൃശ്ശൂർ: തൃശ്ശൂർ കരുവന്നൂരിൽ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. ഇടപാടുകാരുടെ ആധാരങ്ങൾ പിടിച്ചെടുത്തു. അനധികൃത വായ്പകളുടെ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ ഉള്ളതായി കണ്ടെത്തി.റെയ്ഡിൽ ഇടപാടുകാരുടെ ആധാരമടക്കം രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. സഹകാരികൾ കട്ട് മുടിച്ച ബാങ്കിൽ ഇപ്പോൾ കരുതൽ ധനം പോലുമില്ലെന്നാണ് സൂചന. സംഭവത്തിൽ ക്രൈംബ്രാഞ്ച് റെയ്ഡ് തുടരുന്നു.
ബാങ്ക് തട്ടിപ്പ് കേസിൽ മാനേജർ അടക്കം നാല് പേരാണ് ഇതുവരെ കസ്റ്റഡിയിലായത്. ഇവരുടെ വീട്ടിൽ നിന്നും ബിനാമി രേഖകൾ അടക്കം കണ്ടെടുത്തിരുന്നു. ബ്രാഞ്ച് മാനേജർ ബിജു കരീം, സെക്രട്ടറി ടി ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സി കെ ജിൽസ്, കമ്മീഷൻ ഏജന്‍റ് ബിജോയ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഒളിച്ചു കഴിയുകയായിരുന്നു പ്രതികൾ. പ്രതികളിലൊരാളെ അയ്യന്തോൾ ഭാഗത്ത് കണ്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മറ്റ് രണ്ട് പ്രതികളായ കിരൺ, റെജി അനിൽ കുമാർ എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. കിരൺ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.
ആറു പ്രതികളുടെയും വീടുകളിൽ 6 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇരിഞ്ഞാലക്കുട, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികളുടെ വീട്ടിൽ നിന്ന് 29 അനധികൃത വായ്പാ രേഖകൾ കണ്ടെത്തി. 14.5 കോടി രൂപയാണ് ബിനാമി ഇടപാടിലൂടെ വകമാറ്റിയത്. പ്രതികളുടെ മൊഴി പ്രകാരം കൂടുതൽ രേഖകൾ കണ്ടെടുത്തു.
ഇരിഞ്ഞാലക്കുടയിൽ രജിസ്റ്റർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുന്നുണ്ട്. 4 കമ്പനികളിലും പ്രതികളായ ബിജു കരീം, ബിജോയ്, ജിൽസ് എന്നിവർക്ക് പങ്കാളിത്തമുണ്ടെന്നാണ് സൂചന. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും നിക്ഷേപ വിവരങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടുതൽ പേർക്ക് ഇവരുടെ ഇടപാടിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam