കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കളക്ഷൻ ഏജന്റിന്‍റെ 30.70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

By Web TeamFirst Published Dec 5, 2022, 4:17 PM IST
Highlights

ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നത്.

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയില്‍ കളക്ഷൻ ഏജന്റ് എ കെ ബിജോയിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണ സമിതി പോലും അറിയാതെ ബിജോയ് 26.60 കോടി വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 2010 മുതലാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നത്.

അതിനിടെ, കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. മാനേജർ ബിജു കരീം, അക്കൗണ്ടന്റ് ജിൽസ്, കമ്മീഷൻ ഏജന്റ് ബിജോയ്, സൂപ്പർ മാർക്കറ്റ് ക്യാഷ്യർ റജി. കെ അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. അഞ്ച് പേർ 2011 മുതൽ 2021 വരെ കാലത്ത് സമ്പാദിച്ച 58 വസ്തുക്കളാണ് കണ്ടുകെട്ടുക. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരമാണ് നടപടി.

ഒന്നാം പ്രതി സുനിൽ കുമാറിന്റെ പേരിൽ സ്വത്തുക്കളില്ലാത്തതിനാൽ കണ്ടുകെട്ടാനാവില്ല. ബിജോയിയുടെ പേരിൽ പീരുമേടുള്ള 9 ഏക്കർ സ്ഥലമുൾപ്പടെയാണ് കണ്ടുകെട്ടുന്നത്. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിൽ കര എന്നിവിടങ്ങളിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടുന്നത്. പരാതി കാലത്ത് പ്രതികൾ 117 കോടി രൂപ വ്യാജ ലോൺ തരപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

 Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് തൃശൂർ വിജിലൻസ് കോടതി

2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ച് ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.

ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.  

click me!