
തിരുവനന്തപുരം: കെഎഎസ് ശമ്പളത്തിനെതിരെ (KAS) സംഘടിത നീക്കം ഉയരുന്നു. ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ ഐഎഎസ് (IAS), ഐപിഎസ് (IPS), ഐഎഫ്എസ്(IFS) സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) കത്തു നൽകി. കെഎഎസ് ശമ്പളം ഐഎഎസ് തുടക്ക ശമ്പളത്തെക്കാൾ കൂടുതൽ എന്നാണ് പരാതി.
കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81800 രൂപയായി ആണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കൂടാതെ ഡിഎ, എച്ച്ആർഎ എന്നിവയും പത്ത് ശതമാനം ഗ്രേഡും അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻ സർവ്വീസിൽ നിന്നും കെഎഎസ്സിൽ പ്രവേശിക്കുന്നവർക്ക് പരിശീലന സമയത്ത് അവസാനം ലഭിച്ച ശമ്പളമോ അല്ലെങ്കിൽ 81800 രൂപയോ നൽകും. 18 മാസമാണ് പരിശീലന കാലയളവ്.
ഐഎഎസുകാർക്ക് പരിശീലന കാലയളവിൽ കിട്ടുന്നത് 51,600 രൂപയാണ്. പിന്നീട് അവർക്ക് ക്ഷാമബത്തയൊക്കെ ചേർത്ത് കിട്ടുന്ന തുക 74000 രൂപയാണ്. കെഎഎസുകാർ ജില്ലാ കളക്ടറുടെ കീഴിലൊക്കെ ജോലി ചെയ്യുന്ന സമയത്ത് അവർക്ക് ലഭിക്കാനിരിക്കുന്ന ശമ്പളമാകട്ടെ ഒരു ലക്ഷത്തിനു മേലെയാണ്. മുതിർന്ന ഉദ്യോഗസ്ഥനെക്കാൾ ശമ്പളം അതിനു താഴെയുള്ള ഉദ്യോഗസ്ഥർക്ക് കിട്ടുന്ന സ്ഥിതിയുണ്ടാകും. ഈ അപാകത പരിഹരിക്കണമെന്നുള്ളതാണ് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ ആവശ്യം.
മന്ത്രിസഭാ തീരുമാനം ഉണ്ടായാൽ 48 മണിക്കൂറിനകം ഉത്തരവ് ഇറങ്ങേണ്ടതാണ്. എന്നാൽ, കെഎഎസ് ശമ്പളം സംബന്ധിച്ച് തീരുമാനമായെങ്കിലും ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. എതിർപ്പ് പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ പ്രതിഷേധം മറികടന്ന് ഉത്തരവ് പുറത്തിറങ്ങുമോ അതോ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം പുനപരിശോധിച്ച് ശമ്പളം പുതുക്കി നിശ്ചയിക്കുമോ എന്നൊക്കെയാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam