
കാസര്‍കോട്:കാസർകോട് കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പെൺകുട്ടിയേയും അയൽവാസിയേയും മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു.
കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. നിയമത്തിനുമുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു. പരാതി നൽകിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, കാസര്‍കോട് പൈവളിഗെയിലെ 15കാരിയുടെയും പ്രദേശവാസിയുടേയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് 20ദിവസത്തിലധികം പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഉണങ്ങിയ നിലയില്‍ ആണ് മൃതദേഹങ്ങളുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ഇന്നലെയാണ് 15വയസുകാരിയെയും കുടുംബ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ പ്രദീപിനേയും അക്വേഷ്യ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 12 ന് കാണാതായ ഇരുവരേയും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ വ്യാപക തെരച്ചിന് ഒടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷണത്തില്‍ പൊലീസ് ഗുരുതര അലംഭാവം കാണിച്ചുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
കാസര്‍കോട് നിന്ന് കാണാതായ പെണ്‍കുട്ടിയും അയൽവാസിയായ യുവാവും മരിച്ച നിലയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam