
മലപ്പുറം: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ബാക്കിയുള്ളവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ കുറയുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടലില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹം ഇതിനകം തന്നെ കവളപ്പാറയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.
അപകടവിവരം പുറത്തറിഞ്ഞ അന്നുമുതല്‍ കവളപ്പാറയിൽ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരൊക്കെ മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചിൽ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും പരിസരങ്ങളും ഇതിനകം തന്നെ രണ്ട് തവണകളായി മണ്ണ് നീക്കി തെരഞ്ഞു കഴിഞ്ഞു. എന്നാൽ, ചൊവ്വാഴ്ചക്ക് ശേഷം ഒരാളെപ്പോലും കണ്ടെത്താൻ കഴിഞ്ഞില്ല.
ചൊവ്വാഴ്ച തന്നെ മൃതദേഹം പല ഭാഗങ്ങളായാണ് കിട്ടിയത്. ഈ സാഹചര്യത്തില്‍ ഇനി മൃതദേഹം കണ്ടെടുക്കാനാവുമെന്ന വലിയ പ്രതീക്ഷ തെരച്ചില്‍ നടത്തുന്നവര്‍ക്കില്ല. പക്ഷെ കാണാതായവരുടെ ബന്ധുക്കള്‍ മൃതദേഹം വിശ്വാസപരമായി സംസ്ക്കരിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ്. 'കാണാതായ ബന്ധുക്കളെ മണ്ണിൽ വിട്ട് പോകാൻ കഴിയില്ല. അത് തങ്ങൾക്ക് വളരെ സങ്കടകരമാണെന്ന്' ബന്ധുക്കൾ നഷ്ടപ്പെട്ട കൃഷ്ണൻകുട്ടി പറഞ്ഞു. ഇനി കണ്ടെത്താനുള്ള പതിനൊന്നുപേരില്‍ ഒമ്പതു പേര്‍ ആദിവാസികളാണ്.
മൃതദേഹം കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപെട്ട് കണാതായവരുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിട്ടുണ്ട്. ' കവളപ്പാറയില്‍ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കുടുംബങ്ങള്‍ക്ക് ധനസഹായം നൽകും' എന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാൻ ആന്‍റണി ഡൊമിനിക് വ്യക്തമാക്കി. അതേസമയം, ഒരു ഭാഗത്ത് തെരച്ചില്‍ തുടരുമ്പോഴും കാണാതായവരുടെ ബന്ധുക്കളെ നിസ്സഹായവസ്ഥ പറഞ്ഞ് ബോധ്യപെടുത്താനുള്ള ശ്രമങ്ങള്‍ ജനപ്രതിനിധികള്‍ നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam