കണ്ണീരണിഞ്ഞ് കവളപ്പാറ: രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎല്‍എ; 30 വീടുകള്‍ മണ്ണിനടിയിൽ, എന്‍ഡിആര്‍എഫ് സംഘം ഉടനെത്തും

By Web TeamFirst Published Aug 9, 2019, 3:38 PM IST
Highlights

അന്‍പതിനും 100നും ഇടയില്‍ ആളുകളെ കാണാതായിട്ടുണ്ട് എന്നാണ് പി വി അന്‍വര്‍ നല്‍കുന്ന സൂചന

മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് പി വി അന്‍വര്‍ എം എല്‍ എ. ഇക്കാര്യം വ്യക്തമാക്കി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. മുപ്പതോളം വീടുകളാണ് ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. അന്‍പതിനും 100നും ഇടയില്‍ ആളുകളെ കാണാതായിട്ടുണ്ട് എന്നാണ് പി വി അന്‍വര്‍ നല്‍കുന്ന സൂചന. 

കവളപ്പാറയിലേക്ക് എൻഡിആര്‍എഫ് സംഘം ഉടനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധങ്ങളും വഴിയും എല്ലാം ഇല്ലാതായ കവളപ്പാറയിലെ അവസ്ഥ ഏറെ മണിക്കൂറിന് ശേഷം അവിടെ എത്തിപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് പുറം ലോകത്തെ അറിയിച്ചത്. ഏഴുപതോളം വീടുകളുണ്ടായിരുന്ന പ്രദേശത്ത് മുപ്പത് വീടുകളെങ്കിലും മണ്ണിനടിയിൽ ആയ അവസ്ഥയാണ്. അമ്പതോളം പേരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കവളപ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ​ഗതാ​ഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നത്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികൾ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.  

വീടുകള്‍ നിന്നിരുന്നതിന്‍റെ അടയാളം പോലും ബാക്കിയാക്കാതെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രാത്രി നടന്ന അപകടത്തിന്‍റെ വിവരം അറിയിക്കാവുന്ന വിധം എല്ലാവരെയും അറിയിച്ചിരുന്നു എന്നും ഒരു ദിവസത്തോട് അടുക്കുമ്പോഴും സഹായമൊന്നും കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്നും പ്രദേശവാസിയായ സുധീഷ് പറയുന്നു. 

click me!