തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം; വിഴിഞ്ഞം സമരത്തിന് പൂര്‍ണ പിന്തുണയെന്ന് കെസിബിസി

By Web TeamFirst Published Aug 21, 2022, 2:57 PM IST
Highlights

ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തീരദേശവാസികളുടെ പോരാട്ടത്തിനും ലത്തീൻ അതിരൂപതക്കും കെസിബിസിയുടെ പൂർണ്ണ പിന്തുണയെന്നും ഭാരവാഹികള്‍ അറിയിച്ചു. 

തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരമെന്ന് കെസിബിസി. സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. 

ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തീരദേശവാസികളുടെ പോരാട്ടത്തിനും ലത്തീൻ അതിരൂപതക്കും കെസിബിസിയുടെ പൂർണ്ണ പിന്തുണയെന്നും ഭാരവാഹികള്‍ അറിയിച്ചു. 

അതേസമയം, വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നാളെ മുതൽ ശക്തമാകും. കടൽ മാർഗവും  നാളെ വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് സമര സമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം നാളെ തുറമുഖം വളയുക. ചെറിയതുറ, സെന്റ്സേവ്യഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. ഇതിനിടെ, സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിനാളെ യോഗം ചേരും. പുനരധിവാസത്തിനായി കൂടുതൽ ഭൂമി കണ്ടെത്തുന്നതും ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതും അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുന്നത് ഉപസമിതി ചർച്ച ചെയ്യും.

ആറാം ദിവസമായ ഇന്നും വിഴിഞ്ഞത്തെ സമര മുഖം സജീവമാണ്. മതാധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാ ദിനം ആചരിച്ചാണ് സമരം. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ മതബോധന കേന്ദ്രങ്ങളിലെയും അധ്യാപകരുടെ നേതൃത്വത്തിലാണ് ഇന്ന് സമരവേദിയിൽ പ്രാർത്ഥനാദിനം ആചരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ബാരിക്കേഡുകൾ തകർത്ത് സമരക്കാർ പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി കൊടി നാട്ടിയിരുന്നു. 

നേരത്തെ ഫിഷറീസ് മന്ത്രിയുമായി ലത്തീൻ അതിരൂപത പ്രതിനിധികൾ നടത്തിയ ചർച്ചയിൽ അഞ്ച് ആവശ്യങ്ങളിൽ സമവായത്തിലെത്തിയിരുന്നു. മന്ത്രിതല ചർച്ചയിൽ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കും വരെ സമരം തുടരാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തുക, സബ്‍സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നീ ആവശ്യങ്ങളിലാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനാണ് സമര സമിതി ഒരുങ്ങുന്നത്. 

Read Also: വിഴിഞ്ഞം പ്രദേശത്തെ മദ്യശാലകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

tags
click me!