
തിരുവനന്തപുരം: കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്. എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടുപോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.
എസ് സി ആര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തുവിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.
സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. 2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുൻപ് 2016 ൽ 33 കുട്ടികൾ കൊല്ലപ്പെട്ടു. 2020 ൽ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ൽ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും എസ് സി ആര്‍ ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അബിഗേലിനെ കണ്ടെത്തി | Abigail Sara found | Asianet News Live
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam