Latest Videos

പിഴ ചുമത്തിയിട്ടുണ്ടോ? എങ്കിൽ എത്ര? ലോക്സഭയിൽ മുരളീധരൻ്റെ ചോദ്യം; അക്കമിട്ട് മറുപടി, 9 സഹകരണ ബാങ്കുകൾക്ക് പിഴ!

By Web TeamFirst Published Dec 4, 2023, 11:45 PM IST
Highlights

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെയുള്ള 9 ബാങ്കുകള്‍ക്കെതിരെയാണ് നിയമലംഘനത്തിന് നടപടി എടുത്തിട്ടുള്ളതെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചത്.

ദില്ലി: കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച ചോദ്യം ലോക്സഭയിൽ ഉന്നയിച്ച കെ മുരളീധരൻ എം പിക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയിട്ടുണ്ടോ എന്നായിരുന്നു വടകര എം പിയായ മുരളീധരൻ ലോക്സഭയിൽ ചോദിച്ചത്. പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ എത്രയെണ്ണത്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 9 സഹകരണ ബാങ്കുകള്‍ക്കെതിരെ ഇ ഡി ഇതുവരെ പിഴ ചുമത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ മറുപടി.

വന്ദേ ഭാരതും കൊല്ലം-ചെന്നൈ ട്രെയിനുമടക്കം റദ്ദാക്കി; തീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ സർവ്വ സജ്ജമായി തമിഴ്നാട്

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെയുള്ള 9 ബാങ്കുകള്‍ക്കെതിരെയാണ് നിയമലംഘനത്തിന് നടപടി എടുത്തിട്ടുള്ളതെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്‍റിനെ അറിയിച്ചത്. സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ കുംഭകോണങ്ങളെ കുറിച്ചുള്ള വിവരം മന്ത്രാലയത്തിന്‍റെ കൈയ്യില്‍ ഇല്ലെന്നും കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കരുവന്നൂർ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത കരുവന്നൂർ നിക്ഷേപ തട്ടിപ്പിൽ സി പി എമ്മിനും കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയെന്നതാണ്. കരുവന്നൂർ ബാങ്കിൽ സി പി എമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് വിവരം. ഈ പാർട്ടി അക്കൗണ്ടുകളിലൂടെ വൻ തുകയുടെ ഇടപാട് നടന്നുവെന്നും ബെനാമി ലോണുകളുടെ കമ്മിഷൻ തുകയും അക്കൗണ്ടിലെത്തിയെന്നുമാണ് ഇ ഡി കണ്ടെത്തൽ. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചു. എന്നാൽ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സി പി എം തയ്യാറായില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മൊഴി നൽകിയത്.

കരുവന്നൂരിൽ സിപിഎമ്മിനും കമ്മീഷൻ, 2 അക്കൗണ്ട്; ക്രമക്കേട് പുറത്തായതോടെ 90 % തുകയും പിൻവലിച്ചെന്നും ഇഡി

click me!