
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ( Mullaperiyar Dam ) മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കാന്‍ തീരുമാനമായി. കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ മുല്ലപ്പെരിയാറിനു മാത്രമായി നിയമിക്കാനാണ് തീരുമാനം. തേക്കടിയിലോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്താകും ഓഫീസ് സ്ഥാപിക്കുക. ഇതിന് അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മുല്ലപ്പെരിയാറിന് മാത്രമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയോഗിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. മഴക്കാലത്ത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കേരളം അടിയന്തരമായി ഇടപെടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുവരെ കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കായിരുന്നു മുല്ലപ്പെരിയാറിന്റെ കൂടി അധിക ചുമതല. ഇനി മുതല്‍ അദ്ദേഹത്തിന് മുല്ലപ്പെരിയാറിന്റെ മാത്രം ചുമതല ആയിരിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ചും ഡാമിന്റെ സുരക്ഷ സംബന്ധിച്ചും കണക്കുകള്‍ക്കായി കേരളം ഇത്രയും നാള്‍ തമിഴ്‌നാടിനെയാണ് ആശ്രയിച്ചിരുന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കുന്നതോടെ കേരളത്തിന് ഡാറ്റയ്ക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരില്ല. സുപ്രീം കോടതി നിയമിച്ചിരിക്കുന്ന ഉന്നതാധികാര സമിതിയുമായുള്ള ഇടപെടലും കൂടുതല്‍ കാര്യക്ഷമമാകുന്നതിന് പുതിയ തീരുമാനം ഗുണകരമാകുമെന്ന് കരുതുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam