പ്രചാരണം അവസാന ലാപ്പിലേക്ക്; ആലുവയിൽ അട്ടിമറിക്ക് ആരിഫ്, കോട്ട കാക്കാൻ അൻവർ സാദത്ത്

Published : Apr 06, 2026, 10:41 PM IST
Aluva

Synopsis

യുഡിഎഫ് കോട്ടയായ ആലുവയിൽ സിറ്റിംഗ് എംഎൽഎ അൻവർ സാദത്ത് വീണ്ടും ജനവിധി തേടുമ്പോൾ എ.എം ആരിഫിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ ശക്തമായ മത്സരത്തിനാണ് ആലുവയിൽ കളമൊരുങ്ങുന്നത്. 

ആലുവയിൽ യുഡിഎഫ് മുന്നണി ഇക്കുറി ആശ്വാസത്തിന്റെ വക്കിലാണ്. മുപ്പത് വർഷത്തോളം ആലുവയിലെ എം.എൽ.എയായിരുന്ന കെ. മുഹമ്മദാലിക്ക് പകരക്കാരനായാണ് അൻവർ എത്തുന്നത്. 2011ൽ വിജയിച്ച് എംഎൽഎ ആയ അൻവർ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം തെളിയിച്ചുകൊണ്ടിരുന്ന മണ്ഡലം. 2006ലെ വിജയം ഒഴിച്ചാൽ എൽഡിഎഫിന് വേരോട്ടമില്ലാത്ത മണ്ഡലം കൂടിയാണ് ആലുവ. അതേസമയം, ഇക്കുറി എഎം ആരിഫിനെ കളത്തിലിറക്കിയുള്ള സിപിഎമ്മിന്റെ നീക്കം മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ച്ച വെക്കുമെന്നാണ് നിരീക്ഷണം. അരൂരിലുണ്ടാക്കിയ ഓളം ഇക്കുറി ആലുവയിലും സാധ്യമാക്കാനാണ് ആരിഫിന്റെ ശ്രമം. 2006ൽ കെ.ആർ. ഗൗരിയമ്മയെ അരൂരിൽ തോൽപ്പിച്ച ചരിത്രം ഇക്കുറി യുഡിഎഫ് കോട്ടയിൽ ആവർത്തിക്കുമെന്നാണ് ഇടത് ആഖ്യാനം.

മുസ്ലിം-ക്രിസ്ത്യൻ വോട്ട് ബാങ്ക് യുഡിഎഫിന് അനുകൂലമാകുന്നതും അൻവർ സാദത്തിന്റെ വ്യക്തിപരമായ സ്വാധീനവും മണ്ഡലത്തിലെ കോൺഗ്രസിന്റെ കരുത്തും എക്കാലവും സിപിഎമ്മിന് ഒരു വെല്ലുവിളിയാണ്. കേരളമാകെ അലയടിച്ച 2021ലെ ഇടത് തരംഗത്തിൽ പോലും അൻവറിനെ ആലുവയിലെ വോട്ടർമാർ കൈവിട്ടിരുന്നില്ല. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒരു പാർട്ടി സ്ഥാനാർത്ഥിക്ക് പകരം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിച്ച കണക്കുകൂട്ടലുകൾ പിഴച്ചത് തിരിച്ചടിയായി. ഷെൽന നിഷാദിന് ഇടതുപക്ഷ വോട്ടുകൾ സമാഹരിക്കാൻ സാധിച്ചെങ്കിലും കോൺഗ്രസിന്റെ സംഘടനാ കരുത്തിനെ മറികടക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അരൂരിൽ മത്സരിച്ച് കളം പിടിച്ച ആരിഫ് പിന്നീട് ആലപ്പുഴയിലും ഇപ്പോൾ ആലുവയിലും സ്ഥാനാർത്ഥിയാകുമ്പോൾ ഗുണകരമാകുമെന്നാണ് സിപിഎം നേതൃത്വം കരുത്തുന്നത്.

ആലുവ കാലങ്ങളായി കടുത്ത രാഷ്ട്രീയ മത്സരങ്ങൾ നടക്കുന്ന മണ്ഡലമാണ്. എങ്കിലും സമീപകാല തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ ഇടപെടൽ ശേഷി, ലഭ്യമാകുന്ന സേവനങ്ങൾ, ദൈനംദിന പ്രശ്നങ്ങളിലെ ഇടപെടലുകൾ എന്നിവ വോട്ടർമാരിൽ വ്യക്തമാകുന്ന ഘടകങ്ങളാണ്. ആലുവ എൻ.ഡി.എ.യ്ക്ക് വലിയ സാധ്യതകളില്ലാത്ത മണ്ഡലമാണമെങ്കിലും ട്വന്റി-20യും മറ്റും മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ ഇക്കുറി കരുത്തുകൂടിയേക്കും. എം.എ ബ്രഹ്മരാജാണ് ബിജെപി സ്ഥാനാർത്ഥി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ജില്ലയിലടക്കം യുഡിഎഫിന്റെ മുന്നേറ്റമാണ് കാണാനായത്. കോർപ്പറേഷനും, ജില്ലാ പഞ്ചായത്തും അടക്കം വ്യക്തമായ ആധിപത്യം യുഡിഎഫ് നിലനിർത്തുന്നുണ്ട്. ആലുവ നഗരസഭ, ചെങ്ങമനാട്, ചൂർണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നിങ്ങനെ ആലുവ മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ്.

2021 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

  • അൻവർ സാദത്ത് ( യുഡിഎഫ്) - 73,703 വോട്ട് (18,886 ലീഡ്)
  • ഷെൽനാ നിഷാദ് (എൽ.ഡി.എഫ്) - 54,817 വോട്ട്
  • എം.എൻ ഗോപി (ബിജെപി) - 15,893 വോട്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാസർകോട് ജില്ലയിൽ ആര് വാഴും? തീ പാറും പോരാട്ടത്തിന് തയ്യാറെടുത്ത് മഞ്ചേശ്വരം, വിജയ പ്രതീക്ഷയിൽ മുന്നണികൾ
യുവതി പ്രവേശന വിധിയിൽ കേരളത്തിൻ്റെ നിലപാട് മാറ്റം, എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി