
തെക്കൻ കേരളത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ നിയോജക മണ്ഡലം. കൃത്യമായ രാഷ്ട്രീയ ധാരണയോടെയാണ് ആറ്റിങ്ങൽ എപ്പോഴും വോട്ട് ചെയ്യുന്നത്. മാറ്റങ്ങളെക്കാൾ തുടർച്ചയ്ക്ക് മുൻഗണന നൽകുന്ന രീതിയാണ് ആറ്റിങ്ങലിലെ വോട്ടർമാർക്കുള്ളത്. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പലപ്പോഴും ചർച്ചയാക്കാറുണ്ട്. റോഡുകളിലെ തിരക്ക്, മഴക്കാലത്തെ വെള്ളക്കെട്ട്, കുടിവെള്ള പ്രശ്നം, മാലിന്യ സംസ്കരണം, ആരോഗ്യ സംവിധാനങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ വോട്ടര്‍മാരുടെ പ്രധാന പരാതികളാണ്.
നേതാക്കളുടെ സാന്നിധ്യത്തിന് ആറ്റിങ്ങൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ചരിത്രപരമായി ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഒരുകാലത്ത് പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് പിന്നിലേക്ക് പോയി ബിജെപി ഒരു ശക്തമായ സാന്നിധ്യമായി ഉയർന്നുവന്നിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
2021-ലെ തെരഞ്ഞെടുപ്പ് ഫലം
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ഇടതുപക്ഷ സ്വാധീനം ശക്തമായി നിലനിർത്തി. സി.പി.ഐ.എം സ്ഥാനാർത്ഥി ഒ. എസ്. അംബിക 69,898 വോട്ടുകൾ നേടി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി പി. സുധീറിനെ (38,262 വോട്ട്) 31,636 വോട്ടുകൾക്കാണ് അംബിക പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് വേണ്ടി മത്സരിച്ച ആർ.എസ്.പി സ്ഥാനാർത്ഥി എ. ശ്രീധരൻ 36,938 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി.
സീറ്റ് നിലനിര്‍ത്തുമോ ഒ. എസ്. അംബിക?
ഇത്തവണ ശക്തമായ ത്രികോണമത്സരത്തിന്റെ വേദിയായി ആറ്റിങ്ങൽ മാറിക്കഴിഞ്ഞു. നിലവിലെ എംഎൽഎ കൂടിയായ ഒ. എസ്. അംബിക തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. ആർ.എസ്.പി നേതാവ് സന്തോഷ് ഭദ്രൻ ആണ് യുഡിഎഫ് സ്ഥാനാർഥി. പി. സുധീർ തന്നെയാണ് ഇത്തവണയും എൻഡിഎ സ്ഥാനാർഥി.
മണ്ഡലത്തിലെ വികസനങ്ങളും സര്‍ക്കാരിന്‍റെ ഭരണമികവും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ. എസ്. അംബിക പ്രചാരണം നടത്തുന്നത്. ക്ഷേമ പദ്ധതികളുടെ വിതരണം, പെൻഷനുകൾ, ആരോഗ്യ പരിരക്ഷ, വീട് നിർമ്മാണം, പ്രളയ പ്രതിരോധം എന്നിവ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. അതേസമയം ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ വലിയ മാറ്റം മണ്ഡലത്തിലെ രാഷ്ട്രീയ കണക്കുകളെ സ്വാധീനിച്ചിട്ടുണ്ട്. ഭരണവീഴ്ചകളും വികസനത്തിലെ പോരായ്മകളും എണ്ണി പറഞ്ഞാണ് എന്‍ഡിഎ, യുഡിഎഫ് മുന്നണികള്‍ തെരഞ്ഞെടുപ്പ് ഗോദയെ നേരിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam