
കൽപ്പറ്റ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങളുമായി മുന്നണികൾ മുന്നോട്ട് പോകുകയാണ്. അത്തരത്തിൽ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് വയനാട് ജില്ലയിലെ കൽപ്പറ്റ. സിറ്റിംഗ് എംഎൽഎ ടി സിദ്ദിഖിനെ തന്നെ ഇറക്കിയാണ് യുഡിഎഫ് കൽപ്പറ്റ പിടിക്കാൻ തയ്യാറെടുക്കുന്നത്. പി കെ അനിൽകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനെയാണ് മണ്ഡലം പിടിക്കാൻ എൻഡിഎ കളത്തിലിറക്കുന്നത്.
1965-ൽ രൂപീകൃതമായ കൽപ്പറ്റയ്ക്ക് ദീർഘമായ ഒരു തെരഞ്ഞെടുപ്പ് ചരിത്രമുണ്ട്. വയനാടിന്റെ ഹൃദയഭാഗത്താണ് കൽപ്പറ്റ സ്ഥിതി ചെയ്യുന്നത്. വൈത്തിരി താലൂക്കിലെ കൽപ്പറ്റ നഗരസഭയും കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുപ്പൈനാട്, മുട്ടിൽ, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, വൈത്തിരി എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് കൽപ്പറ്റ നിയമസഭാ മണ്ഡലം. 2006-ലും 2011-ലും എം വി ശ്രേയാംസ് കുമാർ മണ്ഡലത്തിൽ വലിയ വിജയങ്ങൾ നേടിയിരുന്നു. എന്നാൽ 2016ൽ എൽഡിഎഫിന്റെ സി കെ ശശീന്ദ്രനോടും 2021ൽ ടി സിദ്ദിഖിനോടും അദ്ദേഹം പരാജയപ്പെട്ടു.
2021ൽ ടി സിദ്ദിഖിലൂടെ കോൺഗ്രസ് കൽപ്പറ്റ മണ്ഡലം തിരിച്ചുപിടിച്ചു. 5,400ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ വിജയം. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കൽപ്പറ്റ. അതിനാൽ തന്നെ രാഹുൽ ഗാന്ധിക്കുണ്ടായ വലിയ സ്വാധീനം സിദ്ധിഖിന്റെ വിജയത്തിൽ ഏറെ നിർണ്ണായകമായിരുന്നു. മറുഭാഗത്ത് ബിജെപിയും വോട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പത്തോ പന്ത്രണ്ടോ ശതമാനം വോട്ടുകൾ ബിജെപിയ്ക്കുണ്ട്. 2021ൽ ടി എം സുബീഷ് 14,113 വോട്ടുകൾ നേടിയിരുന്നു.
കർഷകർ, മധ്യ-ദക്ഷിണ കേരളത്തിൽ നിന്ന് കുടിയേറിയവർ, ആദിവാസി വിഭാഗങ്ങൾ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന ജനസംഖ്യാ ഘടനയാണ് കൽപ്പറ്റയുടെ പ്രധാന സവിശേഷത. ഇത് വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകളിലും പ്രതിഫലിക്കാറുണ്ട്. അതിനാൽ തന്നെ നിഷ്പക്ഷ വോട്ടർമാരുടെ വോട്ടുകൾ വിജയത്തിൽ നിർണായക സ്വാധീനം ചെലുത്തും. തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ, കുടിയേറ്റ കർഷകരുടെ ആവശ്യങ്ങൾ, കാർഷിക ഉത്പ്പന്നങ്ങളുടെ വിലത്തകർച്ച, വന്യമൃഗ ശല്യം, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൽപ്പറ്റയിൽ നിർണ്ണായകമാണ്. വലിയ വികസന പദ്ധതികളിലൂടെ കൽപ്പറ്റയുടെ പ്രതിച്ഛായ മാറ്റിമറിക്കുമെന്ന പ്രഖ്യാപനങ്ങളേക്കാൾ ഉപരിയായി പ്രാദേശിക വിഷയങ്ങളിലെ പരിഗണനയാണ് കൽപ്പറ്റയിലെ ജനങ്ങളുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam