ഇത്തവണ ചന്ദ്രശേഖരനില്ല, കാഞ്ഞങ്ങാട് ചെങ്കോട്ട ഇളകുമോ? പ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്, പക്ഷേ എളുപ്പമല്ല കാര്യങ്ങൾ

Published : Mar 26, 2026, 04:04 PM IST
Kanhangad

Synopsis

കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ, സിറ്റിംഗ് എംഎൽഎ ഇ ചന്ദ്രശേഖരൻ മാറിനിൽക്കുന്ന ഇത്തവണ അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്.

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ മണ്ഡലങ്ങളുള്ള ജില്ലയാണ് കാസർകോട്. ഉദുമ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണെങ്കിൽ മറ്റൊരു ചെങ്കോട്ടയാണ് കാഞ്ഞങ്ങാട്. സിപിഐ സ്ഥാനാർത്ഥികൾക്ക് പതിവായി വിജയം സമ്മാനിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇത്തവണ അട്ടിമറിയ്ക്ക് ലക്ഷ്യമിടുകയാണ് യുഡിഎഫ്.

മുമ്പ് ഹോസ്‌ദുർഗ് മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം കാഞ്ഞങ്ങാട് സിപിഐ സ്ഥാനാർത്ഥികൾ തുടർച്ചയായി വിജയിക്കുന്ന ഈ മണ്ഡലം വികസന ചർച്ചകളാലും രാഷ്ട്രീയ പോരാട്ടങ്ങളാലും എപ്പോഴും ശ്രദ്ധേയമാണ്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ബിജെപിക്കുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാണ് എൻഡിഎയുടെ ശ്രമം. കാഞ്ഞങ്ങാട് മണ്ഡലത്തിലെ കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ യുഡിഎഫിനേക്കാൾ ബഹുദൂരം മുന്നിലാണ് എൽഡിഎഫ് എന്ന് വ്യക്തമാകും.

2001ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ (ഹോസ്‌ദുർഗ്) എൽഡിഎഫിന്റെ എം കുമാരൻ 62,342 വോട്ടുകൾ പിടിച്ചു. എതിരാളിയായിരുന്ന എ സുവർണ്ണഭായ് 49,539 വോട്ടുകൾ പെട്ടിയിലാക്കി. 12,803 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എം കുമാരന്റെ വിജയം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ (ഹോസ്‌ദുർഗ്) ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം കുതിച്ചുയരുന്ന കാഴ്ചയാണ് കാണാനായത്. സിപിഐയുടെ പള്ളിപ്രം ബാലൻ വലിയ ഭൂരിപക്ഷത്തിന് വിജയിച്ചു. അദ്ദേഹം 71,751 വോട്ടുകൾ പിടിച്ചപ്പോൾ യുഡിഎഫിന്റെ കെ വെങ്കടേഷിന് 37,243 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 34,508 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പള്ളിപ്രം ബാലൻ ഇടതുകോട്ട കാത്തു.

ഹോസ്‌ദുർഗ് മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം കാഞ്ഞങ്ങാട് ആയപ്പോൾ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 2011ലേത്. ഇ ചന്ദ്രശേഖരൻ ആദ്യമായി നിയമസഭയിലെത്തിയത് ഈ തെരഞ്ഞെടുപ്പിലാണ്. യുഡിഎഫിന്റെ എം സി ജോസിനെ 12,178 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ചന്ദ്രശേഖരൻ മണ്ഡലം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് കാഞ്ഞങ്ങാട് മണ്ഡലം ചന്ദ്രശേഖരനൊപ്പം മാത്രമാണ് നിലകൊണ്ടത്. 2016ൽ തുടർച്ചയായ രണ്ടാം തവണയും ചന്ദ്രശേഖരനെ തന്നെ കളത്തിലിറക്കാനുള്ള എൽഡിഎഫ് തീരുമാനം ഫലം കണ്ടു. ഭൂരിപക്ഷം മുൻ തവണത്തേക്കാൾ ഇരട്ടിയിലധികമായി വർധിപ്പിച്ച അദ്ദേഹം വിശ്വാസം കാത്തു. യുഡിഎഫിന്റെ ധന്യ ധന്യപാലനെതിരെ 26,000ത്തിലധികം വോട്ടുകൾക്കായിരുന്നു ചന്ദ്രശേഖരന്റെ ജയം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാട്രിക് തേടിയാണ് ചന്ദ്രശേഖരൻ മത്സരത്തിനിറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ തന്റെ ഹാട്രിക് വിജയം പൂർത്തിയാക്കിയ വർഷമായിരുന്നു ഇത്. യുഡിഎഫിനായി മത്സരിച്ച പി വി സുരേഷിനെ അദ്ദേഹം വലിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. ചന്ദ്രശേഖരൻ 84,665 വോട്ടുകൾ നേടിയപ്പോൾ പി വി സുരേഷ് 57,526 വോട്ടുകളാണ് സ്വന്തമാക്കിയത്. 27,139 വോട്ടുകളുടെ ഭൂരിപക്ഷം നേടാനും ചന്ദ്രശേഖരന് സാധിച്ചു. ഭൂരിപക്ഷം നേരിയ തോതിൽ വർധിക്കുകയാണ് ചെയ്തത് എന്നതും ശ്ര​ദ്ധേയമായി.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ യുഡിഎഫിൽ കേരള കോൺഗ്രസ് (ജോസഫ്) മത്സരിക്കും. ഷൈജി ഓട്ടപ്പള്ളിയാണ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി സിപിഐയിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രചാരണം ആരംഭിച്ചതിനു പിന്നാലെയാണ് സീറ്റ് കേരള കോൺഗ്രസ് ജോസഫിന് വിട്ടുകൊടുക്കാൻ യുഡിഎഫിൽ ധാരണയായത്. ബിജെപിയുടെ എം ബൽരാജിനെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇ ചന്ദ്രശേഖരൻ മാറിനിൽക്കുന്നത് മണ്ഡലത്തിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദേശയാത്ര ഓഫറിൽ ഉറച്ച് സിപി ബാവ ഹാജി; 'ബൂത്ത് കമ്മിറ്റി ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാൽ ഓഫര്‍ നൽകും, പറഞ്ഞതിൽ ചട്ടലംഘനമില്ല'
'പരിഭ്രാന്തിയുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണം', വേനലവധി ഒരു മാസം വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി