
തിരുവനന്തപുരം ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾ എക്കാലത്തും വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്ക് പേരുകേട്ടവയാണ്. സമുദായ വോട്ടുകളും ഒപ്പം ബിജെപിയുടെ വളർച്ചയുമെല്ലാം തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും നിർണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. അത്തരത്തിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് കാട്ടാക്കട.
തിരുവനന്തപുരം ജില്ലയിലെ ഹൈറേഞ്ച് അതിർത്തിയോട് ചേർന്നുനിൽക്കുന്ന മണ്ഡലമാണ് കാട്ടാക്കട. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഇത് രൂപീകൃതമായത്. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തിന് ഇതുവരെ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രം നേരിട്ട ചരിത്രമേയുള്ളൂ. കരമന-കളിയിക്കാവിള ദേശീയപാത കടന്നുപോകുന്ന പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മുതല്‍ കാര്‍ഷിക മേഖലയായ വിളപ്പില്‍ശാല വരെയും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി അതിരുപങ്കിടുന്ന മാറനല്ലൂര്‍ പഞ്ചായത്ത് മുതല്‍ കാട്ടാക്കട പഞ്ചായത്തിലെ ചന്ദ്രമംഗലം വരെയും നീണ്ടുകിടക്കുന്ന മണ്ഡലമാണിത്. ആറ് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കാട്ടാക്കട നിയോജക മണ്ഡലം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
വൻ വികസന പ്രഖ്യാപനങ്ങൾക്കപ്പുറം ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾക്കാണ് കാട്ടാക്കടയിലെ വോട്ടർമാർ പ്രാധാന്യം നൽകുന്നത്. ഉൾനാടൻ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ, കുടിവെള്ള വിതരണം, ഗതാഗത സൗകര്യങ്ങൾ എന്നിവ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുന്ന കാട്ടാക്കടയിൽ പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള രാഷ്ട്രീയത്തേക്കാൾ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന നേതൃത്വത്തിലാണ് സാധാരണക്കാരായ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെ വികസനം ഇവിടുത്തെ പ്രധാന ചർച്ചാ വിഷയമാണ്. നായർ, നാടാർ സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാൽ ഇവരുടെ വോട്ടുകൾ ഏതു മുന്നണിയിലേക്ക് മറിയുന്നു എന്നത് വിജയത്തിൽ നിർണ്ണായകമാണ്.
പൊതുവേ ഇടതുപക്ഷത്തോട് ചായ്വുള്ള മണ്ഡലമാണ് കാട്ടാക്കട. എന്നാൽ, യുഡിഎഫിനും ഇവിടെ ശക്തമായ സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റം ഇരുമുന്നണികളെയും ഒരുപോലെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചെന്ന് മാത്രമല്ല, മണ്ഡലത്തെ ഒരു ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറ്റുകയും ചെയ്തു.
മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു 2011ൽ നടന്നത്. അന്ന് യുഡിഎഫിന്റെ എൻ ശക്തൻ 13,000ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടത് സ്വതന്ത്രനായ ജയദാലിയെ പരാജയപ്പെടുത്തി. എന്നാൽ, 2011ൽ കഥ മാറി. സിപിഎമ്മിന്റെ ഐ ബി സതീഷ് സിറ്റിംഗ് എംഎൽഎയായ എൻ ശക്തനെ ഫോട്ടോ ഫിനിഷിംഗിലൂടെ മറികടന്നു. വെറും 849 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ഐ ബി സതീഷ് കാട്ടാക്കടയിൽ ചെങ്കൊടി പാറിച്ചു. 2021ൽ വീണ്ടും മത്സരത്തിനിറങ്ങിയ ഐ ബി സതീഷിന്റെ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു. യുഡിഎഫിന്റെ മലയിൻകീഴ് വേണുഗോപാലിനെതിരെ 23,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഐ ബി സതീഷ് വിജയിച്ചത്.
രണ്ട് തവണ എൽഡിഎഫിനെ വിജയിപ്പിച്ച ഐ ബി സതീഷ് ഇത്തവണ മൂന്നാം അങ്കത്തിന് ഇറങ്ങുകയാണ്. രണ്ട് തവണ യുഡിഎഫിനെ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ചുമതല ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന എം ആര്‍ ബൈജുവിനെയാണ് കോണ്‍ഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ, മണ്ഡലം പിടിച്ചെടുക്കാനായി നാലാം തവണയും മുതിർന്ന നേതാവ് പി കെ കൃഷ്ണദാസിനെയാണ് ബി.ജെ.പി നിയോഗിച്ചിട്ടുള്ളത്. കൃഷ്ണദാസാണ് കഴിഞ്ഞ രണ്ട് തവണയും ഇവിടെ എൻഡിഎയ്ക്കായി മത്സരിച്ചത്. 2021ൽ അദ്ദേഹം 34,642 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam