
മലപ്പുറം: സംസ്ഥാനത്ത് മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടകളിലൊന്നായി കണക്കാക്കുന്ന മണ്ഡലമാണ് മലപ്പുറം. അവസാനം നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലും മലപ്പുറത്ത് ലീഗിനെ വീഴ്ത്താൻ ആര്‍ക്കും സാധിച്ചിട്ടില്ല. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി മലപ്പുറം മാറി. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക.
മലപ്പുറം ജില്ലയിലെ മലപ്പുറം നിയമസഭാ മണ്ഡലം മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച കോട്ടകളിൽ ഒന്നാണ്. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലെയും ഫലങ്ങൾ പരിശോധിച്ചാൽ ലീഗിന്റെ ആധിപത്യം വ്യക്തമാകും. മലപ്പുറം മണ്ഡലം രൂപീകൃതമായ കാലം മുതൽ (1957) മുസ്ലീം ലീഗ് മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. സി എച്ച് മുഹമ്മദ് കോയയെപ്പോലെയുള്ള പ്രമുഖ നേതാക്കളുടെ സ്വാധീനം ഈ മണ്ഡലത്തെ ലീഗിനോട് ചേര്‍ത്ത് നിര്‍ത്തി. കഴിഞ്ഞ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ 2011 മുതൽ തുടർച്ചയായി മൂന്ന് തവണ പി ഉബൈദുള്ള ഈ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും യുഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാൻ പലപ്പോഴും ഇടതുപക്ഷത്തിന് സാധിക്കാറില്ല. 2001ൽ എം കെ മുനീര്‍ 21,000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2006ൽ എം ഉമ്മര്‍ 30,657 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2011ൽ പി ഉബൈദുള്ളയ്ക്ക് ലഭിച്ചതാകട്ടെ 44,508 വോട്ടുകളുടെ ഭൂരിപക്ഷം. 2016ലും 2021ലും ഉബൈദുള്ള 35,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നിരുന്നാലും 2021ൽ പാലോളി അബ്ദുറഹ്മാനിലൂടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. മൂന്ന് തവണ എംഎൽഎയായിരുന്ന പി ഉബൈദുള്ളയ്ക്ക് പകരം ഇത്തവണ മുസ്ലീം ലീഗ് കരുത്തനായ പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ മലപ്പുറം മണ്ഡലത്തിൽ പരീക്ഷിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam