ലീഗിന്റെ മലപ്പുറം കോട്ടയിൽ വിള്ളൽ വീഴ്ത്താൻ എൽഡിഎഫ്; ഇത്തവണ ചരിത്രം വഴിമാറുമോ?

Published : Apr 01, 2026, 06:33 PM IST
Muslim league - LDF

Synopsis

മലപ്പുറം ജില്ല പരമ്പരാഗതമായി യുഡിഎഫിന്റെ, പ്രത്യേകിച്ച് മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ 13ലും യുഡിഎഫ് വിജയിച്ചിരുന്നു. 

കേരള നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ എന്നും ഒരുപക്ഷത്തേയ്ക്ക് മാത്രം ചായാറുള്ള ജില്ലയാണ് മലപ്പുറം. പരമ്പരാ​ഗതമായി മുസ്ലീം ലീ​ഗിനൊപ്പം നിന്ന ചരിത്രം മാത്രമേ മലപ്പുറം ജില്ലയ്ക്കുള്ളൂ. ആകെ 16 നിയമസഭ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇതിൽ 13 മണ്ഡലങ്ങളും നിലവിൽ യുഡിഎഫിനൊപ്പമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷം നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു.

2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂർ, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ മുസ്‌ലീം ലീഗും നിലമ്പൂരിലും വണ്ടൂരിലും കോൺഗ്രസുമാണ് വിജയിച്ചത്. അതേസമയം, പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫിനൊപ്പം നിന്നത്. പൊന്നാനിയിൽ പാർട്ടി ചിഹ്നത്തിലും തവനൂരിലും താനൂരിലും സ്വതന്ത്രരിലൂടെയുമായിരുന്നു എൽഡിഎഫിന്റെ ജയം.

1. കൊണ്ടോട്ടി

2021ൽ കൊണ്ടോട്ടി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലീം ലീഗിന്റെ ടി വി ഇബ്രാഹിമാണ് വിജയിച്ചത്. ഇബ്രാഹിം 82,000ത്തിലധികം വോട്ടുകൾ പിടിച്ചപ്പോൾ (50.4%) ഇടത് സ്വതന്ത്രനായി മത്സരിച്ച കാട്ടുപരുത്തി സുലൈമാൻ ഹാജിയ്ക്ക് 65,093 വോട്ടുകൾ (39.6%) നേടാനേ സാധിച്ചുള്ളൂ. 17,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇബ്രാഹിമിന്റെ വിജയം. 2016ൽ നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ടി വി ഇബ്രാഹിം തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചിരുന്നു. 2016ൽ 10,000ത്തിലധികം വോട്ടുകൾ ആയിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക് ഭൂരിപക്ഷം.

2. ഏറനാട്

മലപ്പുറം ജില്ലയിൽ യു.ഡി.എഫിന്റെ, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ ശക്തമായ കോട്ടകളിൽ ഏറനാട് മണ്ഡലം. 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി കെ ബഷീർ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. പി കെ ബഷീർ 78,076 വോട്ടുകൾ നേടിയപ്പോൾ ഇടത് സ്വതന്ത്രനായി മത്സരിച്ച കെ ടി അബ്ദുറഹ്മാൻ 55,530 വോട്ടുകളാണ് പെട്ടിയിലാക്കിയത്. 22,546 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി കെ ബഷീർ വിജയിച്ചത്.

3. മഞ്ചേരി

മുസ്ലിം ലീഗിന്റെ ഏറ്റവും ശക്തമായ കോട്ടകളിൽ ഒന്നായാണ് മഞ്ചേരി അറിയപ്പെടുന്നത്. മലപ്പുറം ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. യു.എ. ലത്തീഫ് മികച്ച ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. യു.എ. ലത്തീഫ് 78,000ത്തിലധികം വോട്ടുകൾ സ്വന്തമാക്കിയപ്പോൾ എതിരാളിയായിരുന്ന ഇടതിന്റെ നാസർ ഡെബോണ 64,000 വോട്ടുകളാണ് നേടാായത്. മഞ്ചേരി മണ്ഡലത്തിൽ മാത്രം യു.ഡി.എഫിന് 14,573 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

4. പെരിന്തൽമണ്ണ

പരമ്പരാഗതമായി ഇടതുമുന്നണിയും യു.ഡി.എഫും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പെരിന്തൽമണ്ണ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഏറ്റവും ചെറിയ ഭൂരിപക്ഷമുള്ള മത്സരങ്ങളിലൊന്നായിരുന്നു 2021ൽ പെരിന്തൽമണ്ണയിൽ നടന്നത്. മുസ്ലീം ലീ​ഗിന്റെ നജീബ് കാന്തപുരം 76,530 (46.21%) വോട്ടുകൾ നേടി. ഇടത് സ്വതന്ത്രനായി മത്സരിച്ച കെ.പി.എം. മുസ്തഫ 76,492 വോട്ടുകൾ (46.19%) നേടിയതോടെ വെറും 38 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം വിജയിച്ചത്.

5. മങ്കട

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിന്റെ മഞ്ഞളാംകുഴി അലിയാണ് വിജയിച്ചത്. എൽഡിഎഫിന്റെ അഡ്വ. ടി.കെ. റഷീദലിയെ 6,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞളാംകുഴി അലി യുഡിഎഫിന് മേൽക്കൈ നൽകിയത്. 2016ൽ ഇതേ മണ്ഡലത്തിൽ നിന്നും മുസ്ലീം ലീഗിന്റെ ടി.എ അഹമ്മദ് കബീർ 1,508 വോട്ടുകൾക്കായിരുന്നു വിജയിച്ചിരുന്നത്. അതിനെ അപേക്ഷിച്ച് 2021ൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ യു.ഡി.എഫിന് സാധിച്ചു.

6. മലപ്പുറം

മലപ്പുറം മണ്ഡലം രൂപീകൃതമായ കാലം മുതൽ (1957) മുസ്ലീം ലീഗ് മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. മലപ്പുറം ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ ഈ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി. ഉബൈദുള്ള 35,000ത്തിലധികം വോട്ടുകളുടെ ലീഡാണ് കഴിഞ്ഞ തവണ നേടിയത്. പി ഉബൈദുള്ളയുടെ ഹാട്രിക് വിജയമായിരുന്നു ഇത്. ഉബൈദുള്ള 93,000ത്തിലധികം വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന്റെ പാലോളി അബ്ദുറഹ്മാന് 58,000ത്തോളം വോട്ടുകൾ പിടിക്കാനേ സാധിച്ചുള്ളൂ. ഉബൈദുള്ളയ്ക്ക് പകരം ഇത്തവണ മുസ്ലീം ലീഗ് കരുത്തനായ പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ മലപ്പുറം മണ്ഡലത്തിൽ പരീക്ഷിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

7. വേങ്ങര

2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കുഞ്ഞാലിക്കുട്ടി 70,000ത്തിലധികം (53.50%) വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി. ജിജിയ്ക്ക് 39,000ത്തിലധികം (30.24%) വോട്ടുകൾ സ്വന്തമാക്കാനേ സാധിച്ചുള്ളൂ. കുഞ്ഞാലിക്കുട്ടി 30,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വേങ്ങരയിൽ വിജയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം മണ്ഡലത്തെ ലീഗിന്റെ സുരക്ഷിത താവളമാക്കി നിലനിർത്തുകയായിരുന്നു. ഇത്തവണ കെ എം ഷാജിയാണ് ലീ​ഗിന് വേണ്ടി വേങ്ങരയിലിറങ്ങുന്നത്.

8. വള്ളിക്കുന്ന്

2021ൽ മുസ്ലിം ലീഗിലെ പി അബ്ദുൽ ഹമീദ് മാസ്റ്റർ ആണ് വള്ളിക്കുന്ന മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പി അബ്ദുൽ ഹമീദ് 71,823 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ ഐഎൻഎൽ (എൽഡിഎഫ്) സ്ഥാനാർത്ഥിയായിരുന്ന പ്രൊഫ. എ.പി. അബ്ദുൽ വഹാബിന് 57,707 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ. ബിജെപിയുടെ പീതാംബരൻ പാലാട്ട് 19,853 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തി. 14,116 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി അബ്ദുൽ ഹമീദ് മാസ്റ്റർ വള്ളിക്കുന്ന് മണ്ഡലം പിടിച്ചത്.

9. തിരൂരങ്ങാടി

2021ൽ മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വിജയിച്ച മണ്ഡലമാണിത്. 73,499 വോട്ടുകൾ നേടിയാണ് കെ.പി.എ മജീദ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ ഇടത് സ്വതന്ത്രൻ നിയാസ് പുളിക്കലകത്തിനെ 9,578 വോട്ടുകൾക്കാണ് കെ.പി.എ മജീദ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും യു.ഡി.എഫ് തങ്ങളുടെ കോട്ട കാത്തുസൂക്ഷിക്കുകയായിരുന്നു. ബിജെപിയുടെ കല്ലിയത്ത് സത്താർ ഹാജി 8,314 വോട്ടുകൾ നേടി.

10. തിരൂർ

കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ ആണ് തിരൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 82,314 വോട്ടുകൾ നേടിയ അദ്ദേഹം 48.2% വോട്ടുവിഹിതം സ്വന്തമാക്കി. എതിർ സ്ഥാനാർത്ഥിയായ ഗഫൂർ പി. ലില്ലീസ് (സിപിഎം) 75,100 വോട്ടുകൾ (44.0%) പിടിച്ച് ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. മൂന്നാം സ്ഥാനത്തായ ബിജെപിയുടെ എം. അബ്ദുൾ സലാമിന് ആകെ 9,076 വോട്ടുകൾ പിടിക്കാനേ കഴിഞ്ഞുള്ളൂ.

11. കോട്ടക്കൽ

2021ൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് കോട്ടക്കൽ. 81,000ത്തിലധികം വോട്ടുകളാണ് ആബിദ് ഹുസൈൻ സ്വന്തമാക്കിയത്. മറുഭാ​ഗത്ത്, എൻസിപിയുടെ (എൽഡിഎഫ്) എൻ.എ. മുഹമ്മദ് കുട്ടി 65,000ത്തിലധികം വോട്ടുകൾ നേടി മികച്ച പോരാട്ടം പുറത്തെടുത്തു. ബിജെപിയുടെ പി.പി. ഗണേശൻ 11,000ത്തോളം വോട്ടുകൾ സ്വന്തമാക്കി മൂന്നാം സ്ഥാനത്തെത്തി. 16,000ത്തിലധികം വോട്ടുകളുടെ ലീഡോഡെയാണ് ആബിദ് ഹുസൈൻ വിജയിച്ചത്.

12. നിലമ്പൂർ

കഴിഞ്ഞ തവണ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച പി വി അൻവറാണ് നിലമ്പൂര്‍ മണ്ഡലത്തിൽ വിജയിച്ചത്. അന്ന് 81,000ത്തിലധികം വോട്ടുകൾ സ്വന്തമാക്കാൻ അൻവറിനായി. എന്നാൽ, 78,000ത്തിലധികം വോട്ടുകൾ നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ശക്തമായ മത്സരമാണ് പുറത്തെടുത്തത്. 3,000ത്തിൽ താഴെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു അൻവറിന്റെ വിജയം. 2025 ജനുവരിയിൽ പി വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് 2025 ജൂണിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചു. 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യടൻ ഷൗക്കത്ത് വിജയിച്ചപ്പോൾ എൽഡിഎഫിന്റെ എം സ്വരാജ് രണ്ടാം സ്ഥാനത്തെത്തി. പി വി അൻവര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

13. വണ്ടൂർ

മലപ്പുറം ജില്ലയിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഏറ്റവും ഉറച്ച മണ്ഡലങ്ങളിൽ ഒന്നാണ് വണ്ടൂർ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ എ പി അനിൽകുമാർ ആണ് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ പി. മിഥുനയെ 15,000ത്തിലധികം വോട്ടുകളുടെ ലീഡിലാണ് അനിൽകുമാർ മറികടന്നത്. എ.പി. അനിൽകുമാർ 87,000ത്തിലധികം വോട്ടുകൾ പെട്ടിയിലാക്കിയപ്പോൾ പി. മിഥുന 71,000ത്തിലധികം വോട്ടുകൾ നേടി.

14. പൊന്നാനി

2021-ൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി പി. നന്ദകുമാർ ആണ് പൊന്നാനി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ അഡ്വ. എ.എം. രോഹിത് 57,000ത്തിലധികം വോട്ടുകൾ നേടിയപ്പോൾ പി. നന്ദകുമാർ 74,000ത്തിലധികം വോട്ടുകൾ സ്വന്തമാക്കി മണ്ഡലം പിടിച്ചു. ബിഡിജെഎസിന്റെ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് മൂന്നാം സ്ഥാനത്ത്. 17,000ത്തിലധികം വോട്ടുകൾക്കായിരുന്നു നന്ദകുമാറിന്റെ വിജയം.

15. തവനൂർ

2021ൽ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തവനൂർ. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഡോ. കെ.ടി. ജലീൽ നേരിയ ഭൂരിപക്ഷത്തിനാണ് അന്ന് വിജയിച്ചത്. യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയ ഫിറോസ് കുന്നംപറമ്പിൽ 67,794 വോട്ടുകൾ പിടിച്ചു. 70,358 വോട്ടുകൾ നേടിയ കെ ടി ജലീൽ 2,564 വോട്ടുകൾക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തവനൂർ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കെ.ടി. ജലീലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

16. താനൂർ

വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് താനൂർ കഴിഞ്ഞ തവണ സാക്ഷിയായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി അബ്ദുറഹ്മാൻ നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 70,000ത്തിലധികം വോട്ടുകൾ വി അബ്ദുറഹ്മാൻ സ്വന്തമാക്കിയപ്പോൾ യുഡിഎഫിന്റെ പി.കെ. ഫിറോസ് 69,000ത്തിലേറെ വോട്ടുകൾ നേടി ശക്തമായ മത്സരം കാഴ്ചവെച്ചു. വെറും 985 വോട്ടുകൾക്കായിരുന്നു അബ്ദുറഹ്മാന്റെ വിജയം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അങ്ങ് പ്രവാസലോകത്തും വമ്പൻ ആഘോഷം, സതീശൻ സർക്കാരിന്‍റെ അധികാരമേൽക്കൽ ഗൾഫിൽ പ്രവാസി സംഘടനകൾ കളറാക്കി
മോഷണവും പിടിച്ചുപറിയും മയക്കുമരുന്ന് വില്‍പ്പനയും ഉൾപ്പെടെ 30 ഓളം കേസുകളിൽ പ്രതി, 58കാരനെ ആക്രമിച്ച പ്രതി പിടിയിൽ