അട്ടപ്പാടി സ്വാധീനം ചെലുത്തുന്ന മണ്ഡലം, ലീഗിന്റെ ഉറച്ച കോട്ട; ഇടതിന് ബാലികേറാമലയാകുമോ മണ്ണാര്‍ക്കാട് മണ്ഡലം?

Published : Mar 25, 2026, 10:40 PM IST
LDF UDF

Synopsis

പാലക്കാട്ടെ മണ്ണാർക്കാട് നിയമസഭാ മണ്ഡലം കഴിഞ്ഞ മൂന്ന് തവണയും മുസ്ലീം ലീഗിന്റെ എൻ. ഷംസുദ്ദീൻ വിജയിച്ച യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്. കഴിഞ്ഞ തവണ ഭൂരിപക്ഷം ഇടിഞ്ഞത് ലീഗിന് തലവേദനയാകുന്നുണ്ട്.  

പാലക്കാട് ജില്ലയിലെ യുഡിഎഫിന്റെയും മുസ്ലീം ലീഗിന്റെയും ഉറച്ച കോട്ടകളിൽ ഒന്നാണ് മണ്ണാർക്കാട് നിയമസഭാ മണ്ഡലം. കഴിഞ്ഞ മൂന്ന് തവണയും മുസ്ലീം ലീ​ഗിന്റെ അഡ്വ. എൻ. ഷംസുദ്ദീനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011 മുതൽ തുടർച്ചയായി മൂന്ന് തവണ അദ്ദേഹം വിജയിച്ചു. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കിയ ജനപ്രതിനിധി എന്ന നിലയിൽ എൻ. ഷംസുദ്ദീനെ തന്നെ വീണ്ടും രം​ഗത്തിറക്കിയിരിക്കുകയാണ് യുഡിഎഫ്. പതിവായി സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ ഇത്തവണ അബൂബക്കർ മൻസിലാണ് ഷംസുദ്ദീനെ നേരിടുന്നത്.

മുൻകാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ മുസ്ലീം ലീ​ഗിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മണ്ണാർക്കാടെന്ന് വ്യക്തമാണ്. 2001ൽ കളത്തിൽ അബ്ദുള്ളയെ കളത്തിലിറക്കിയ ലീ​ഗ് 12,350 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം സ്വന്തമാക്കിയിരുന്നു. എന്നാൽ, 2006ൽ ജോസ് ബേബിയെ ഇറക്കി സിപിഐ ഈ മണ്ഡലം തിരിച്ചുപിടിച്ചു. 2011ൽ ഷംസുദ്ദീൻ മത്സരിച്ചതോടെ മണ്ഡലം ലീ​ഗിന്റെ പക്കൽ തിരിച്ചെത്തി. പിന്നീടങ്ങോട്ട് മുസ്ലീം ലീ​ഗിന്റെ കുതിപ്പിനാണ് മണ്ണാർക്കാട് സാക്ഷിയായത്.

2011ൽ സിപിഐയുടെ വി ചാമുണ്ണിയെ 8,000ത്തിലധികം വോട്ടുകൾക്ക് ഷംസുദ്ദീൻ പരാജയപ്പെടുത്തി. 2016ൽ സിപിഐയുടെ കെ പി സുരേഷ് രാജും ഷംസുദ്ദീന് മുന്നിൽ അടിയറവ് പറഞ്ഞു. 12,300ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ഷംസുദ്ദീൻ നിയമസഭയിലെത്തിയത്. വീണ്ടും 2021ൽ ഷംസുദ്ദീനും സുരേഷ് രാജും നേര്‍ക്കുനേര്‍ വന്നു. വിജയം അപ്പോഴും ഷംസുദ്ദീനൊപ്പം നിന്നെങ്കിലും ഭൂരിപക്ഷം 12,000ത്തിൽ നിന്ന് 5,800ലേയ്ക്ക് കുറഞ്ഞത് വിജയത്തിന് അൽപ്പം മങ്ങലേൽപ്പിച്ചിരുന്നു.

പാലക്കാടിന്റെ വടക്കുകിഴക്കൻ മേഖലയിൽ വള്ളുവനാടൻ പെരുമയും അട്ടപ്പാടിയിലെ ആദിവാസി പൈതൃകവും ഒരുപോലെ സംഗമിക്കുന്ന മണ്ഡലമാണ് മണ്ണാർക്കാട്. മണ്ണാർക്കാട് നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഏറെ നിർണ്ണായകമാണ്. പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മണ്ണാർക്കാട്, വിസ്തൃതി കൊണ്ടും സാംസ്കാരിക വൈവിധ്യം കൊണ്ടും കേരളത്തിലെ ശ്രദ്ധേയമായ ഗ്രാമീണ മണ്ഡലങ്ങളിൽ ഒന്നായി നിലകൊള്ളുന്നു. മണ്ണാർക്കാട് മണ്ഡലത്തിന്റെ ഭാഗമായ അട്ടപ്പാടിയിലെ ഗോത്രവർഗ്ഗ വോട്ടുകളും വികസന പ്രശ്നങ്ങളും എപ്പോഴും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാറുണ്ട്.

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കേരളത്തിലെ എക്കാലത്തും വലിയ ചർച്ചാ വിഷയമാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാൻ നടപ്പിലാക്കുന്ന പദ്ധതികളുടെ വീഴ്ചകളും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കുറവുകളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉയർന്നുവരും. അട്ടപ്പാടിയിലെ ഹൈറേഞ്ച് മേഖലകളിൽ താമസിക്കുന്ന കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ, വന്യജീവി ആക്രമണം, ഭൂമി നിയമങ്ങൾ, ഭൂമാഫിയക്കെതിരെയുള്ള സമരങ്ങൾ എന്നിവ വോട്ടിം​ഗിൽ പ്രതിഫലിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏറനാട് ലീഗ് കോട്ട കാക്കാന്‍ പി.കെ. ബഷീര്‍; അട്ടിമറിക്കുമോ അഡ്വ. ഷഫീർ കിഴിശ്ശേരി
രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: കെ.സി വേണുഗോപാല്‍