
പേരാമ്പ്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനൊപ്പം വിവാദങ്ങളും കളം പിടിച്ചിരിക്കുകയാണ്. ലീഗ് സ്ഥാനാർത്ഥി ഫാത്തിമാ തഹ്ലിയക്കെതിരെ എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്നും ഉയർന്ന അനൗൺസ്മെന്റാണ് മണ്ഡലത്തിൽ ഇപ്പോൾ ചർച്ചയാകുന്നത്. നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണം എന്ന് മുസ്‌ലിം ലീഗുകാർ വീടുകൾ കയറി പറയുന്നതായി പ്രചരിപ്പിക്കുന്ന തരത്തിൽ വൈറലായ വീഡിയോ ഉദ്ധരിച്ചാണ് ലീഗിന്റെ ആരോപണം.
മതസപർധയുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് സിപിഎം ഇത്തരം പ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്നാണ് കോൺഗ്രസും ലീഗും വ്യക്തമാക്കുന്നത്. അതേസമയം, സംഭവത്തിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും പേരാമ്പ്രയിലെ ഇടത് സ്ഥാനാർത്ഥിയും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ വ്യക്കമാക്കുന്നുണ്ടെങ്കിലും വിവാദം കത്തി പടരുന്നതുകൊണ്ട് തന്നെ അതിന്റെ പ്രതിഫലനം ചിലപ്പോൾ ഇടതിന് തിരിച്ചടിയായേക്കാം എന്നാണ് റിപ്പോർട്ട്.
ശക്തമായ ഇടത് വേരോട്ടമുള്ള മണ്ഡലമാണ് പേരാമ്പ്ര. 1980 മുതലുള്ള ഇളകാത്ത കോട്ടയെന്നും പറയാം. തദ്ദേശ കണക്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കിട്ടിയ ഭൂരിപക്ഷം ഇത്തവണ വിജയത്തിലേക്ക് അടുപ്പിക്കുമെന്നാണ് യുഡിഎഫ് വ്യക്തതമാക്കുന്നത്. അതേസമയം വീണു കിട്ടയ ആയുധം പോലെയാണ് ലീഗും കോൺഗ്രസും ഈ വിഷയത്തെ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാൻ ആഴ്ച്ചകൾ മാത്രം നിലനിൽക്കെയുള്ള സാഹചര്യത്തിൽ വിവാദങ്ങൾ പൊടിപൊടിക്കുമ്പോൾ അവസാന ലാപ്പിൽ ഇടതു കോട്ടയിൽ ബലാ ബലം മത്സരം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ആരോപണം ഇടത് ക്യാമ്പിൽ ചെറുതല്ലാത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. പൊടുന്നനെയുള്ള ആരോപണം മുസ്ലീം സമുദായത്തിലെ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ ഇടയായേക്കാം. അതേസമയം, മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിൽ വിവാദങ്ങൾ തിരിച്ചടിയാകാനുള്ള സാധ്യത ഇടത് മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെതിരെ ഇറങ്ങിയ കാഫിർ വിവാദം സമാന രീതിയിൽ സിപിഎമ്മിന് മുമ്പും തിരിച്ചടിയായിരുന്നു. അതേസമയം, ഈ വിഷയം തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ശക്തമായി ഏറ്റെടുക്കാനാണ് യുഡിഎഫ് ശ്രമം.
വിഷയത്തിൽ പ്രചരണ വാഹനത്തിന്റെ വീഡിയോ അടക്കം പ്രചരിക്കുന്നതുകൊണ്ട് വാക്കുകൾ കൊണ്ട് മാത്രം തള്ളിക്കളയാൻ കഴിയാതെ കുരുക്കിലായിരിക്കുകയാണ് സിപിഎം. സംഭവത്തിൽ ടി.പി രാമകൃഷ്ണന് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനം ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതിയിൽ ഡെപ്യൂട്ടി കലക്ടർ നോട്ടീസ് അയച്ചിട്ടുണ്ട്. വടകരയിലെ കാഫിർ വിവാദത്തിന് സമാനമായ രീതിയിൽ മതവിദ്വേഷം പ്രചരിപ്പിക്കാനും പേരാമ്പ്രയിലെ മതസൗഹാർദ്ദം തകർക്കാനും ഇടതുമുന്നണി ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് യുഡിഎഫ് പരാതിയിൽ പറയുന്നുണ്ട്.
മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്നുകാട്ടി എൽഡിഎഫിന്റെ പരാതിയിൽ ഫാത്തിമ തഹ്ലിയക്കും നോട്ടിസ് ആയച്ചിട്ടുണ്ട്. അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ അടക്കം നല്‍കി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എൽഡിഎഫിന്‍റേത് അല്ല എന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞെങ്കിലും പരാതി നല്‍കാൻ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam