ഇത്തവണ 'കരമന'കൾ നേര്‍ക്കുനേര്‍! കളം പിടിക്കാൻ യുഡിഎഫും; ശ്രദ്ധാകേന്ദ്രമായി തിരുവനന്തപുരം സെൻട്രൽ

Published : Mar 23, 2026, 10:55 PM IST
Thiruvananthapuram central

Synopsis

എൽഡിഎഫിനായി നടൻ സുധീർ കരമനയും യുഡിഎഫിനായി സി പി ജോണും എൻഡിഎയ്ക്കായി കരമന ജയനും മത്സരിക്കുമ്പോൾ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമാവുകയാണ്. 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം ഉൾക്കൊള്ളുന്ന തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും ശക്തമായ ത്രികോണപ്പോരിന് സാധ്യത തെളിഞ്ഞുകഴിഞ്ഞു. മണ്ഡലം നിലനിര്‍ത്താൻ എൽഡിഎഫിന് വേണ്ടി നടൻ സുധീര്‍ കരമനയാണ് ഇറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സി പി ജോണും എൻഡിഎയ്ക്ക് വേണ്ടി കരമന ജയനും കളത്തിലിറങ്ങുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇടത് സ്വതന്ത്രനായാണ് സുധീര്‍ കരമന മത്സരിക്കുന്നത്. നടനും അധ്യാപകനുമായ സുധീര്‍ കരമന ഇതിന് മുമ്പും സിപിഎമ്മിന്റെ പ്രചാരണത്തിലൊക്കെ സജീവ സാന്നിധ്യമായിരുന്നു. സുധീര്‍ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫിന്റെ പ്രഖ്യാപനമുണ്ടായത്. ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റായിരുന്നു ഇത്. ആന്‍റണി രാജുവായിരുന്നു എംഎൽഎ. എന്നാൽ, അദ്ദേഹത്തിന് തൊണ്ടിമുതൽ കേസിൽ അയോഗ്യത നേരിടേണ്ടി വന്നതോടെയാണ് ഇടതുപക്ഷത്തിനുള്ളിൽ വലിയ ആശയക്കുഴപ്പം ഉണ്ടായത്. തുടര്‍ന്ന് വലിയ ചര്‍ച്ചകൾക്ക് ശേഷം സുധീര്‍ കരമനയിലേയ്ക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.

2011-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഈ മണ്ഡലം നിലവിലെ രൂപത്തിലായത്. 2011-ന് മുൻപ് ഇത് 'തിരുവനന്തപുരം വെസ്റ്റ്' മണ്ഡലമായിരുന്നു. 2021ൽ മൂന്ന് തവണ എംഎൽഎയും മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു അട്ടിമറി വിജയം നേടിയത്. തുടർന്ന് അദ്ദേഹം ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയാവുകയും ചെയ്തു.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ വരുന്നതിനാൽ ബിജെപിക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. 2016ൽ മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന എസ് ശ്രീശാന്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും 34,764 വോട്ടുകൾ നേടി വലിയ ചലനമുണ്ടാക്കുകയും ചെയ്തു. 2021ൽ കൃഷ്ണകുമാർ 34,996 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും എതിരാളികളുടെ ചങ്കിടിപ്പേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ തീരദേശ മേഖലകളിലെ വോട്ടുകളാണ് ഈ മണ്ഡലത്തിലെ വിജയിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്.

ഇത്തവണ രണ്ട് 'കരമന'കളുടെ പോരാട്ടത്തിനാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലം വേദിയാകുന്നത് എന്ന പ്രത്യേകതയുണ്ട്. എൻഡിഎയ്ക്ക് വേണ്ടി കരമന ജയനും ഇടതിന് വേണ്ടി സുധീർ കരമനയുമാണ് ​ഗോദയിലിറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സി പി ജോണും കളത്തിലിറങ്ങുന്നതോടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ക്ലൈമാക്സ് പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രഹസ്യവിവരം; ഫ്ലാറ്റിലെ പരിശോധനയിൽ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി
വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യുമെന്നും വി ഡി സതീശൻ